ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമായി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ മരിച്ചത് കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകൻ മരിച്ചത്. ആദ്യം മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ടേറ്റതായും വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി.
സംഭവത്തെ തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ മുരുകന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറാൻ തീരുമാനമായി.
നഷ്ടപരിഹാര തുക ലഭിച്ചതിന് ശേഷമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂ എന്ന നിലപാടിലാണ് ബന്ധുക്കൾ തുടരുന്നത്.

