Home Keralaജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ തെരുവുനായ ആക്രമണം; രോഗിയുടെ കൂട്ടിരിപ്പുകാരന് കടിയേറ്റു, പ്രതിഷേധം ശക്തം

ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ തെരുവുനായ ആക്രമണം; രോഗിയുടെ കൂട്ടിരിപ്പുകാരന് കടിയേറ്റു, പ്രതിഷേധം ശക്തം

by news_desk1
0 comments

കാസർകോട്: കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിനെതിരെയും തെരുവുനായ ശല്യത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്.

കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷ് (21) ആണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ചികിത്സയിൽ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലെ ലബോറട്ടറിയിലേക്ക് പോയപ്പോഴാണ് അവിടെ തമ്പടിച്ചിരുന്ന തെരുവുനായ അബിന് നേരെ ചാടിവീണത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു.

കൈ വീശി പ്രതിരോധിച്ചില്ലായിരുന്നെങ്കിൽ നായ ശരീരത്തിലേക്ക് ചാടിവീണ് ഗുരുതര പരിക്കേൽക്കുമായിരുന്നുവെന്ന് അബിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ലാബിലുള്ളവർ കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയും ആശുപത്രിയിൽ നിന്ന് തന്നെ പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്തു.

മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷ ഉറപ്പാക്കേണ്ട ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഇത്തരം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പകൽ സമയങ്ങളിലും നായകൾ ആശുപത്രി പരിസരത്ത് തമ്പടിക്കാറുണ്ടെന്നും രാത്രി സമയങ്ങളിൽ ആശുപത്രിക്കകത്ത് കടക്കാറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂട്ടമായെത്തുന്ന നായകൾ ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്നും പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നതെന്നും അവർ പറയുന്നു.

ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഡിഎംഒ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒയുടെ ചുമതല വഹിക്കുന്ന ബി. സന്തോഷ് അറിയിച്ചു.

You may also like