തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രത്യേക ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലും നാളെ സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകൾ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കുക, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിപ, ഷിഗല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഏകോപിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുൻപാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിരീക്ഷണത്തിലുള്ള മറ്റ് ചിലരുടെ പരിശോധനാഫലവും ഉടൻ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
അതേസമയം, എബോള വൈറസ് ബാധ സംശയിക്കുന്ന ഒരു സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ദക്ഷിണ സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ ഇവരെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക ഐസൊലേഷൻ വാർഡിലാണ് ചികിത്സയും നിരീക്ഷണവും തുടരുന്നത്. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ഷിഗല്ല രോഗബാധയും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. വിവിധ പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ തീരുമാനം.

