Home Top Storiesകിഫ്ബിയിൽ നിർണായക നീക്കവുമായി സർക്കാർ; അനുമതി ലഭിച്ച പുതിയ പദ്ധതികൾക്ക് പണം അനുവദിക്കില്ല

കിഫ്ബിയിൽ നിർണായക നീക്കവുമായി സർക്കാർ; അനുമതി ലഭിച്ച പുതിയ പദ്ധതികൾക്ക് പണം അനുവദിക്കില്ല

by news_desk1
0 comments

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾക്ക് സർക്കാർ നീക്കം. നേരത്തെ അനുമതി നൽകിയിട്ടുള്ള പുതിയ പദ്ധതികൾക്ക് ഇനി ധനസഹായം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇത്തരം പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാക്കും. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ പിന്തുണയും മുൻപത്തെ പോലെ തുടരും.

അനുമതി തേടി കിഫ്ബിക്ക് മുന്നിലുള്ള പുതിയ ഫയലുകൾ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കിഫ്ബിയെ സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രവർത്തനരീതി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിനായി മുൻ സർക്കാർ രൂപീകരിച്ച സർക്കാർ നിയന്ത്രിത ധനകാര്യ ഏജൻസിയാണ് കിഫ്ബി. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്കെതിരെ ഗുരുതര വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണെന്നും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നതാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ അടിമുടി പരിഷ്‌കരിക്കണമെന്നും പദ്ധതികളുടെ ഗുണനിലവാരം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധവളപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതി വിതരണത്തിലെ മുൻഗണനകളെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കിഫ്ബിയിൽ കണ്ണൂർ ജില്ലയ്ക്ക് 20 ശതമാനം തുകയും തിരുവനന്തപുരം ജില്ലയ്ക്ക് 17 ശതമാനവും എറണാകുളം ജില്ലയ്ക്ക് 11 ശതമാനവും അനുവദിച്ചിട്ടുണ്ടെന്ന് ധവളപത്രം വ്യക്തമാക്കുന്നു. പദ്ധതി വിതരണത്തിൽ വികസന മുൻഗണനകളേക്കാൾ രാഷ്ട്രീയ പരിഗണനകൾ സ്വാധീനിച്ചുവെന്നും അതിൽ ആരോപിക്കുന്നു.

കിഫ്ബിയുടെ കടമെടുപ്പ് തീരുമാനങ്ങളിൽ ധനവകുപ്പിന് പൂർണ നിയന്ത്രണമില്ലെന്നും, എന്നാൽ അതിന്റെ ബാധ്യതയും പ്രത്യാഘാതങ്ങളും സംസ്ഥാന ധനകാര്യ സംവിധാനത്തെ ബാധിക്കുമെന്നും ധവളപത്രത്തിൽ പറയുന്നു. കിഫ്ബിയുടെ കടമെടുപ്പ് ഔദ്യോഗിക ബജറ്റിന് പുറത്തായി കാണിക്കുന്നത് സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ബാധ്യത സംബന്ധിച്ച് പൊതുജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കിഫ്ബി അക്കൗണ്ടുകൾ, മസാല ബോണ്ട് ഇടപാടുകൾ, കൺസൾട്ടൻസികൾക്ക് നൽകിയ പണം, കടമെടുത്ത തുക ബാങ്കുകളിൽ നിക്ഷേപിച്ച നടപടികൾ എന്നിവ സംബന്ധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തുമെന്നും ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

You may also like