Home Keralaപ്രിയദര്‍ശിനി പദ്ധതിയില്‍ ദിനംപ്രതി 2.5 കോടി രൂപ നഷ്ടം; സ്വകാര്യ ബസുകളിലും സൗജന്യ യാത്ര പരിഗണിക്കുമെന്ന് മന്ത്രി സി പി ജോണ്‍

പ്രിയദര്‍ശിനി പദ്ധതിയില്‍ ദിനംപ്രതി 2.5 കോടി രൂപ നഷ്ടം; സ്വകാര്യ ബസുകളിലും സൗജന്യ യാത്ര പരിഗണിക്കുമെന്ന് മന്ത്രി സി പി ജോണ്‍

by news_desk1
0 comments

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി പദ്ധതിയിലൂടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്നും, ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നിലവില്‍ ഓര്‍ഡിനറി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇല്ലെന്നും, ഇപ്പോഴുള്ള സംവിധാനവുമായി മുന്നോട്ട് പോകാനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി.

നവകേരള ബസ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും, ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും, ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം സംവിധാനമുള്ള ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും മന്ത്രി തുറന്നു പറഞ്ഞു. ലൈസന്‍സ് എടുക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുക പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നേടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിശോധനകള്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വഴുതക്കാട്ടെ തന്റെ വീടിന് മുന്നിലെ ക്യാമറ പോലും തകര്‍ക്കപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. എഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You may also like