Home Internationalവൈദ്യുതി ബിൽ ഉയർന്നത് സംശയമായി; ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് 300-ലേറെ പെരുമ്പാമ്പുകൾ, ഞെട്ടിച്ച് യുവാവ്

വൈദ്യുതി ബിൽ ഉയർന്നത് സംശയമായി; ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് 300-ലേറെ പെരുമ്പാമ്പുകൾ, ഞെട്ടിച്ച് യുവാവ്

by news_desk1
0 comments

തായ്‌ഷൗ: വൈദ്യുതി ബില്ലിൽ അസാധാരണ വർധന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് 300-ലേറെ ജീവനുള്ള പാമ്പുകൾ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തായ്‌ഷൗവിലാണ് സംഭവം. വംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പുകൾ ഉൾപ്പെടെ 300-ലേറെ പാമ്പുകളാണ് ഫ്ലാറ്റിൽ നിന്ന് അധികൃതർ കണ്ടെത്തിയത്.

പെരുമ്പാമ്പുകൾ ചൈനയിൽ സംരക്ഷിത ജീവിവർഗത്തിൽ ഉൾപ്പെടുന്നതാണ്. ഇവയെ വിൽക്കുക, വാങ്ങുക, പ്രജനനം നടത്തുക, അനുമതിയില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവ നിയമവിരുദ്ധമാണ്.

ഫ്ലാറ്റിന് താഴെയുള്ള ജലധാരയ്ക്ക് സമീപം പ്രദേശത്ത് സാധാരണ കാണാത്ത ഇനത്തിലുള്ള ഒരു പാമ്പിനെ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. സംരക്ഷിത ജീവിയെ കണ്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാരിലൊരാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ ഫ്ലാറ്റിനുള്ളിൽ അനധികൃതമായി പാമ്പുകളുടെ പ്രജനനം നടക്കുന്നതായി അധികൃതർ സംശയിച്ചു. കണ്ടെത്തിയ പാമ്പ് ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടതാകാമെന്ന നിഗമനത്തോടെയായിരുന്നു തുടർ അന്വേഷണം.

പാമ്പുകളുടെ പ്രജനനത്തിന് 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില നിലനിർത്തേണ്ടതിനാൽ ഫ്ലാറ്റുകളിലെ വൈദ്യുതി ബില്ലുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. ഈ ഘട്ടത്തിലാണ് അവിവാഹിതനും തൊഴിൽരഹിതനുമായ, തനിച്ച് താമസിക്കുന്ന യുവാവിന്റെ ഫ്ലാറ്റിൽ സംശയം കേന്ദ്രീകരിച്ചത്. ഇയാളെ പതിവായി സന്ദർശിച്ചിരുന്ന മറ്റൊരാളെയും നിരീക്ഷണത്തിലാക്കി. കൂടാതെ വെളുത്ത നിറത്തിലുള്ള കുഞ്ഞൻ എലികളെ ഇയാൾ സ്ഥിരമായി ഓർഡർ ചെയ്തിരുന്നതും സംശയം ശക്തമാക്കി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് 300-ലേറെ പാമ്പുകളെ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലായി പ്ലാസ്റ്റിക് ബോക്സുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പെരുമ്പാമ്പുകൾ.

2014 മുതൽ പെരുമ്പാമ്പുകളുടെ പ്രജനനം നടത്തിവരികയാണെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഇതിനകം നൂറോളം പാമ്പുകളെ ഇയാൾ വിറ്റഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഏകദേശം 41 കോടി രൂപ വിലമതിക്കുന്ന പാമ്പുകളാണ് ഇയാളുടെ കൈവശം നിന്ന് കണ്ടെത്തിയത്. ഇവയെ പിന്നീട് മൃഗശാലയിലേക്ക് മാറ്റി. കേസിൽ യുവാവിന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്.

You may also like