കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു രംഗത്തെത്തി. യുഡിഎഫിൽ മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും ഓരോരുത്തർക്കും ഓരോ നയമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ. ബാബു അഭിപ്രായപ്പെട്ടു.
ഇവർ സർക്കാരിനെ സഹായിക്കുകയാണെന്നാണ് താൻ കരുതുന്നതെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആ ‘പിന്തുണ’ നല്ലവണ്ണം ലഭിച്ചിട്ടുണ്ടെന്നും കെ. ബാബു പരിഹസിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബിനെതിരെ വി.എം. സുധീരൻ അതൃപ്തി പരസ്യമാക്കിയിരുന്നു. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തേണ്ടതായിരുന്നു എന്നും ചർച്ച നടത്തി നയത്തിന് രൂപം കൊടുത്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മദ്യവ്യാപനം തടയുന്നതിനുള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ സമൂഹത്തിൽ ഉയർന്നുവരുന്ന സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുധീരൻ പറഞ്ഞു. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നും, സുതാര്യത ഉറപ്പാക്കി വിവാദങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് വിഷയത്തിൽ ആഭ്യന്തര വകുപ്പ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ എൽഡിഎഫിനെ വിമർശിച്ച നിലപാടുകൾ ഇപ്പോഴത്തെ സാഹചര്യത്തിലും തുടരണം എന്നും, കരിമണൽ ഖനന നയത്തിൽ അവ്യക്തത തുടരുന്നതിനാൽ ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

