ടെഹ്റാൻ: സമാധാന കരാർ ലംഘിച്ച് ഹോർമൂസ് കടലിടുക്കിന് സമീപം കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു. തങ്ങളുടെ “ജോലി തീർക്കാൻ” യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും, അങ്ങനെ സംഭവിച്ചാൽ യുഎസ് സൈന്യം ആരംഭിച്ച ദൗത്യം പൂർത്തിയാക്കേണ്ടിവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ശനിയാഴ്ച ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെ തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. കൂടുതൽ പ്രകോപനമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമൂസ് കടലിടുക്കിന് സമീപമുള്ള 10 സൈനിക കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യമിട്ടത്. എം.ടി. കികു എന്ന കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നത്.
അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ്. സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇതോടെ ഇരു രാജ്യങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ കരാർ തകർന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്ക ശക്തമാണ്.

