തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്‌സി ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനം വിശദമായ പഠനത്തിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
അതേസമയം, സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കുന്നത്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടാൽ 74 ശതമാനം വരെ ഓഹരി വിൽക്കാമെന്നാണ് കരാറിലെ വ്യവസ്ഥയെന്ന് കമ്പനി പറയുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം 2024 ഡിസംബർ 24-നാണ് ആരംഭിച്ചതെന്നും, അതിനാൽ കഴിഞ്ഞ ഡിസംബറോടെ ഓഹരി വിൽപ്പനയ്ക്ക് അവകാശം ലഭിച്ചുവെന്നുമാണ് അദാനിയുടെ വാദം.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എംഡിക്കും കത്ത് നൽകിയിട്ടുണ്ട്. ധാരണാപത്രത്തിലെ വ്യവസ്ഥകളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി എംഎസ്‌സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഏകദേശം 27,000 കോടി രൂപ മൂല്യമുള്ള ഇടപാടാണിത്.
ടിഐഎൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100-ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും കമ്പനിക്കുണ്ട്. എംഎസ്‌സിയുമായുള്ള പങ്കാളിത്തം ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എംഎസ്‌സിയും തമ്മിൽ സഹകരണമുണ്ട്.
ഇതിനിടെ, എംഎസ്‌സി–അദാനി കരാറിൽ ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആശങ്ക രേഖപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറുമെന്ന റിപ്പോർട്ടുകൾ ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൺസഷൻ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, 13,000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറുന്നതിന് പിന്നിലെ ലക്ഷ്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അഭിപ്രായപ്പെട്ടു.

