ദുബായ്: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്തതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ അപേക്ഷകൾ സ്വീകരിക്കാൻ പ്രവാസികൾ നേരിട്ട് എംബസിയിലും കോൺസുലേറ്റിലും എത്തുന്നത്.
കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ സേവനദാതാക്കളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രതിസന്ധിയാണ് നിലവിലെ താൽക്കാലിക ക്രമീകരണങ്ങൾക്ക് കാരണമായത്.
മുൻ സേവനദാതാക്കളായ ബി.എൽ.എസ്. ഇന്റർനാഷണലിന്റെയും എസ്.ജി.ഐ.വി.എസിന്റെയും കരാർ അവസാനിച്ചതിനും പുതിയ കരാർ ലഭിച്ച സ്ഥാപനത്തിന് കോടതി നടപടികളുടെ പശ്ചാത്തലത്തിൽ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കാൻ സാധിക്കാത്തതിനാലുമാണ് ഈ പ്രതിസന്ധി ഉണ്ടായത്.
നിലവിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നേരിട്ട് എത്തുന്നവർക്ക് ടോക്കൺ അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിക്കുകയാണ്.
ഇതിനിടെ, പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസും ഗണ്യമായി വർധിപ്പിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുപ്രകാരം പാസ്‌പോർട്ട് പുതുക്കൽ ഫീസ് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി ഉയർന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നിലവിൽ കോൺസുലേറ്റുകളിൽ പണമായി മാത്രമാണ് ഫീസ് സ്വീകരിക്കുന്നത്.
യുഎഇയിൽ കഴിയുന്ന ഏകദേശം 45 ലക്ഷം ഇന്ത്യൻ പ്രവാസികളിൽ വലിയൊരു വിഭാഗവും സാധാരണ തൊഴിലാളികളാണ്. അപ്രതീക്ഷിതമായ ഫീസ് വർധന ഇവർക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് പ്രവാസി സംഘടനകളും സന്നദ്ധ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
ഇ.സി.ആർ. പാസ്‌പോർട്ടുള്ള സാധാരണ തൊഴിലാളികൾക്കെങ്കിലും പാസ്‌പോർട്ട് സേവന ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് കമ്മ്യൂണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.

