Home Internationalറഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തിൽ യുക്രൈൻ വിറച്ചു; വ്യോമപ്രതിരോധം തകർന്നു, 11 പേർ മരിച്ചു

റഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തിൽ യുക്രൈൻ വിറച്ചു; വ്യോമപ്രതിരോധം തകർന്നു, 11 പേർ മരിച്ചു

by news_desk1
0 comments

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണായക നാറ്റോ ഉച്ചകോടി തുർക്കിയിൽ ആരംഭിക്കാനിരിക്കെ, യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാർപ്പിട സമുച്ചയങ്ങൾക്ക് മുകളിലേക്ക് മിസൈലുകൾ പതിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ബഹുനില കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കീവിലെ നാല് ജില്ലകളിൽ ആക്രമണം വലിയ നാശം വിതച്ചതായും, പോഡിൽസ്‌കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നും കീവ് മേയർ അറിയിച്ചു.

തിങ്കളാഴ്ച റഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നുപോലും യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാനായില്ലെന്നാണ് വിവരം. 29 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും 34 സ്ഥലങ്ങളിൽ പതിച്ചതായി യുക്രൈൻ വ്യോമസേന സ്ഥിരീകരിച്ചു.

ആക്രമണത്തെ തുടർന്ന് കീവ്, സുമി, ഖാർകീവ്, ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലകളിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു.

യുക്രൈൻ തങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. സൈനിക-ഊർജ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും റഷ്യ അവകാശപ്പെട്ടു.

തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ റഷ്യ-യുക്രൈൻ യുദ്ധം പ്രധാന ചർച്ചാവിഷയമാകും. ഉച്ചകോടിക്കിടെ ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു.

അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലം 500 ദിവസം പിന്നിട്ടിട്ടും റഷ്യയും യുക്രൈനും തമ്മിൽ സമാധാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

റഷ്യയുടെ അതിവേഗ ഗെരാൻ-4 ജെറ്റ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധിക്കാൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകൾ കൂടുതൽ ലഭിക്കണമെന്ന് സെലൻസ്‌കി വീണ്ടും ആവശ്യപ്പെട്ടു. സഖ്യരാജ്യങ്ങളുടെ കൈവശം ആവശ്യത്തിന് മിസൈലുകൾ ഉണ്ടായിട്ടും യുക്രൈനിന് നൽകാത്തതാണ് പ്രതിരോധം പരാജയപ്പെടാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

നാറ്റോ ഉച്ചകോടിയിൽ യുക്രൈന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.

You may also like