കറാച്ചി: യുഎഇയിലെ ഷാർജ വിമാനത്താവളത്തിൽ നിന്ന് അഞ്ച് ജീവനക്കാരുമായി പാകിസ്താനിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ വിമാനം കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നുവീണതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. തുടർന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി പ്രത്യേക തിരച്ചിൽ ദൗത്യം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദുരന്തത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് ആഴമായ ദുഃഖം രേഖപ്പെടുത്തുകയും ജീവനക്കാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. തിരച്ചിലിനായി സിവിൽ ഏവിയേഷൻ, നാവികസേന, വ്യോമസേന എന്നിവയുടെ എല്ലാ സംവിധാനങ്ങളും വിന്യസിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
കറാച്ചിയിലേക്ക് അടുക്കുന്നതിനിടെ പ്രാദേശിക സമയം രാത്രി 9.18ഓടെയാണ് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനം തകരാറിലായതായി പൈലറ്റുമാർ കറാച്ചി ഏരിയ കൺട്രോൾ സെന്ററിനെ അറിയിച്ചത്. തുടർന്ന് രാത്രി 9.21ഓടെ കറാച്ചിയിൽ നിന്ന് 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടമായത്. റഡാർ രേഖകൾ പ്രകാരം വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയും പെട്ടെന്ന് ദിശമാറുകയും ചെയ്തതായി കണ്ടെത്തി.
കറാച്ചി കൺട്രോൾ സെന്ററിന് പൈലറ്റുമാർ നൽകിയ അവസാന റേഡിയോ സന്ദേശം, “ഞങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, വിമാനം കറങ്ങുകയാണ്. അതിവേഗം താഴേക്ക് പോകുന്നു” എന്നതായിരുന്നു.
ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ24 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിമാനം ആദ്യം ഉയരം നഷ്ടപ്പെടുകയും പിന്നീട് നേരിയ തോതിൽ ഉയർന്ന ശേഷം വീണ്ടും കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നു. അവസാന സിഗ്നൽ ലഭിക്കുമ്പോൾ വിമാനം ഏകദേശം 1,100 അടി ഉയരത്തിലായിരുന്നു. മിനിറ്റിൽ 22,400 അടി വേഗത്തിലാണ് വിമാനം താഴേക്ക് പതിച്ചിരുന്നതെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
ഷാർജയിൽ നിന്ന് പുറപ്പെട്ട ഉടൻ തന്നെ വിമാനത്തിന്റെ ജിഎൻഎസ്എസ് സിഗ്നലുകളിൽ തടസ്സം അനുഭവപ്പെട്ടിരുന്നതായും, ഇത് ട്രാക്കിംഗ് കൃത്യതയെ ബാധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ വിമാനം തകർന്നുവീണിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. എഞ്ചിൻ തകരാറുണ്ടായാലും വിമാനങ്ങൾ സാധാരണയായി ഗ്ലൈഡ് ചെയ്യാറാണുള്ളതെന്നും ഇത്തരത്തിൽ കുത്തനെ താഴേക്ക് പതിക്കുന്നത് അസാധാരണമാണെന്നും വ്യോമയാന വിദഗ്ധൻ ഇമ്രാൻ അസ്ലം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരെ കണ്ടെത്തുന്നതിനായി പാകിസ്താൻ നാവികസേന യുദ്ധക്കപ്പലായ പിഎൻഎസ് സുൽഫിക്കർ അപകടമേഖലയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. പാകിസ്താൻ വ്യോമസേനയുടെയും നാവികസേനയുടെയും വിമാനങ്ങളും പാകിസ്താൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ കപ്പലുകളും തിരച്ചിലിൽ പങ്കെടുത്തിട്ടുണ്ട്.
1999-ൽ നിർമ്മിച്ച ഈ ബോയിംഗ് 737 വിമാനം ആദ്യകാലത്ത് യാത്രാവിമാനമായാണ് ഉപയോഗിച്ചിരുന്നത്. 2012-ലാണ് ഇത് കാർഗോ വിമാനമാക്കി മാറ്റിയതെന്ന് വ്യോമയാന രേഖകൾ വ്യക്തമാക്കുന്നു.

