Home Kerala‘നിയമസഭയിലെ വാചകമടി പോലെ ഭരണചക്രം തിരിക്കാനാവില്ല’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസും കെ.കെ. രാഗേഷും

‘നിയമസഭയിലെ വാചകമടി പോലെ ഭരണചക്രം തിരിക്കാനാവില്ല’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസും കെ.കെ. രാഗേഷും

by news_desk1
0 comments

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. ദുരന്തസമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുപോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പിന്നീട് വിശദമായി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മന്ത്രിമാർക്ക് ഭിന്നസ്വരമാണുള്ളതെന്നും ഓരോ മന്ത്രിമാരും തോന്നിയതുപോലെ പ്രതികരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് കൂട്ടായ നേതൃത്വമില്ലെന്നും റിയാസ് വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങൾ ഉയരുമെന്നും രാഗേഷ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ ശ്രമിക്കരുത്. ചോദ്യങ്ങൾ ഉയരുമ്പോഴുള്ള അസ്വസ്ഥത മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന സൂചനയാണെന്നും ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like