കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം സെക്രട്ടറി മുങ്ങിയെന്നാണ് പരാതി.
സഹകരണ സംഘത്തിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തേ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച ശേഷം അത് തിരികെ നൽകാതെ സെക്രട്ടറി ഒളിവിലായെന്നാണ് ആരോപണം.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി അനുകൂലിന് 37,95,000 രൂപയും, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെ.സി. ജലജയ്ക്ക് 55,70,000 രൂപയും, മുഴുപ്പിലങ്ങാട് സ്വദേശി ജഷീനയ്ക്ക് 17 ലക്ഷം രൂപയും ലഭിക്കാനുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
ഈ മൂന്ന് പരാതികളുടെയും അടിസ്ഥാനത്തിൽ തലശ്ശേരി പൊലീസ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു. സഹകരണ സംഘം സെക്രട്ടറി ജോജിഷാണ് ഒന്നാം പ്രതി. സംഘം ഭരണസമിതിയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ ചിലർ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം ലഭിക്കാത്തതിനെ തുടർന്ന് ഭരണസമിതി അംഗങ്ങളോട് പരാതിപ്പെട്ടപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വിവരം വ്യക്തമായത്.
ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പരാതികളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്.

