കോഴിക്കോട്: നഗരമധ്യത്തിൽ നിന്ന് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് സ്ത്രീകളടക്കം ആറുപേരെ കോഴിക്കോട് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി വി.പി. ക്വാർട്ടേഴ്‌സിൽ റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയിലെ സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടിൽ അയിഷ (43), വെള്ളയിൽ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടിൽ സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ, പരിചയമുള്ള മോഷണസംഘത്തിലെ അംഗങ്ങൾ പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറാൻ ക്ഷണിക്കുകയായിരുന്നു.
ഓട്ടോറിക്ഷ യാത്രയ്ക്കിടെ പ്രതികൾ യുവതിയെ ആക്രമിക്കുകയും മുഖത്ത് മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവൻ സ്വർണചെയിൻ, രണ്ടര പവൻ പാദസ്വരം, ഒരു പവൻ ബ്രേസ്ലെറ്റ് എന്നിവ പൊട്ടിച്ചെടുത്ത ശേഷം ചേവായൂരിൽ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു.
മർദനത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞുപോയി. യുവതിയുടെ പരാതിയെ തുടർന്ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പരാതിക്കാരിയെ മുൻപരിചയമുണ്ടായിരുന്നെന്നും, സ്ഥിരമായി ആഭരണം ധരിച്ച് വരാറുള്ള ഇവരെ ലക്ഷ്യമിട്ട് കവർച്ച ആസൂത്രണം ചെയ്തതായും പ്രതികൾ സമ്മതിച്ചു. കവർന്ന ആഭരണങ്ങൾ കമ്മത്ത് ലൈനിലെ ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയതായും ഇവർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

