Home Top Storiesപി.എസ്.സി പരീക്ഷാ ക്രമക്കേടിൽ പരാതിപ്രവാഹം; ആദ്യ ദിനം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത് പത്തിലേറെ പരാതികൾ

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ പരാതിപ്രവാഹം; ആദ്യ ദിനം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത് പത്തിലേറെ പരാതികൾ

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപിൽ പരാതികളുടെ പ്രവാഹം. അന്വേഷണം ആരംഭിച്ച ആദ്യ ദിവസം തന്നെ പത്തിലേറെ ഗുരുതരമായ പരാതികളാണ് സംഘത്തിന് ലഭിച്ചത്. ഏറെ ചർച്ച ചെയ്യപ്പെട്ട കെ.എ.എസ് (KAS) പരീക്ഷ, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ എന്നിവയിലടക്കം വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.

ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം പി.എസ്.സി ഓഫീസുകളിലെ ഔദ്യോഗിക രേഖകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പി.എസ്.സി ജീവനക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയാക്കിയ ശേഷം വരും ദിവസങ്ങളിൽ, കൃത്യമായി ജൂലൈ 25-നകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറും. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്ക് പോലീസ് കടക്കുക.

പരാതികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയർത്തി. ഐ.ജി അജിത ബീഗത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ഒരു എസ്.പി, ഡിവൈ.എസ്.പി, ഇൻസ്പെക്ടർ എന്നിവരും ഈ പ്രത്യേക സംഘത്തിലുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ, ഡിവൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, കെ.എ.എസ് എന്നിവയാണ് മുൻഗണനാ ക്രമത്തിൽ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം പുതിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടൽനടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് സംഘത്തിന്റെ തീരുമാനം.

ആസൂത്രണ ബോർഡ് ചീഫ്, കെ.എ.എസ് പരീക്ഷകൾക്ക് പുറമെ സമാന തസ്തികകളിൽ മുൻപ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിലും വലിയ അട്ടിമറി നടന്നതായി ആരോപണമുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന പരീക്ഷയും ഇപ്പോൾ സംശയനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തു. തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഉദ്യോഗാർത്ഥി പരാതി നൽകിയപ്പോഴാണ് പി.എസ്.സിക്ക് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച സമ്മതിക്കേണ്ടി വന്നത്. കൂടാതെ, അഭിമുഖങ്ങളിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി മാർക്കുകൾ വാരിക്കോരി നൽകിയെന്ന ആക്ഷേപവും ശക്തമാണ്.

You may also like