കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ഒരു കെട്ടിടാപകടം മാത്രമല്ല. നമ്മുടെ പൊതുസംവിധാനങ്ങളിലെ അനാസ്ഥയുടെയും അലംഭാവത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും ഭീകരമുഖമാണ് അത് തുറന്നുകാട്ടുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ ആരുംപ്പെട്ടില്ല എന്നത് ആശ്വാസമല്ല; ഭാഗ്യം മാത്രമാണ്. ആ ഭാഗ്യത്തെ ഭരണനേട്ടമായി അവതരിപ്പിക്കാനാവില്ല. കെട്ടിടത്തിൽ മാസങ്ങൾക്കുമുമ്പ് തന്നെ വിള്ളലുണ്ടായിരുന്നുവെന്നും അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നുവെന്നും പുറത്തുവരുന്നു. രണ്ട് സെന്റിമീറ്റർ വരെ വീതിയുള്ള വിള്ളൽ താഴെവരെ എത്തിയിട്ടും നടപടി ഉണ്ടായില്ല. പൊളിച്ചുനീക്കാൻ നിർമാണ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടും അത് നടപ്പായില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരു അടിയന്തര നടപടിയും ഉണ്ടായില്ല. ഒടുവിൽ സംഭവിക്കേണ്ടത് സംഭവിച്ചു. ഇതിനെ അപകടമെന്ന് മാത്രം വിശേഷിപ്പിക്കുന്നത് യാഥാർഥ്യത്തോട് നീതി പുലർത്തുന്നതല്ല; ഇത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണ്. കോഴിക്കോട് കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്. സംസ്ഥാനത്ത് റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകളിൽ പ്രധാനപ്പെട്ടതും കോഴിക്കോട് തന്നെയാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം കേരളത്തിൽ നിന്ന് സമാഹരിക്കുന്ന ഇന്ത്യൻ റെയിൽവേ, യാത്രക്കാരുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ പോലും പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ യാഥാർഥ്യം എല്ലാവർക്കും അറിയാം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, ഇടുങ്ങിയ പ്ലാറ്റ്ഫോമുകൾ, അപര്യാപ്തമായ മേൽക്കൂരകൾ, ശുചിത്വക്കുറവ്, സുരക്ഷാസംവിധാനങ്ങളുടെ അഭാവം-ഇവയെല്ലാം വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളാണ്. നവീകരണ വാഗ്ദാനങ്ങൾ നിരന്തരം ഉയരുന്നുണ്ടെങ്കിലും, അവയുടെ വേഗം ഒച്ചിന്റെ വേഗത്തേക്കാൾ പോലും കുറവാണ്. അതേസമയം, വന്ദേഭാരത് പോലുള്ള പദ്ധതികളുടെ പ്രചാരണത്തിന് കോടികൾ ചെലവഴിക്കപ്പെടുന്നു. എന്നാൽ യാത്രക്കാരുടെ ജീവൻ സംരക്ഷിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് അത്രയും പ്രാധാന്യം ലഭിക്കുന്നില്ല. കേരളത്തോടുള്ള റെയിൽവേയുടെ അവഗണന പുതിയ കാര്യമല്ല. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാത വികസനത്തിലും സ്റ്റേഷൻ നവീകരണത്തിലും സംസ്ഥാനത്തിന് ലഭിക്കുന്ന പരിഗണനയെക്കുറിച്ച് വർഷങ്ങളായി പരാതികളുണ്ട്. എന്നാൽ അതിനേക്കാൾ ഗൗരവമുള്ള ചോദ്യം ഇതാണ്-ജീവൻ രക്ഷിക്കേണ്ട അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത റെയിൽവേയ്ക്ക് കോടികളുടെ വരുമാനം വാങ്ങാനുള്ള ധാർമ്മിക അവകാശം എവിടെയാണ്? ഇന്ന് ട്രെയിൻ യാത്ര പലർക്കും ഒരു പരീക്ഷണമാണ്. മണിക്കൂറുകളോളം വൈകുന്ന ട്രെയിനുകൾ, യാത്രക്കാരെ ശ്വാസംമുട്ടിക്കുന്ന തിരക്ക്, മതിയായ കോച്ചുകളുടെ അഭാവം, സുരക്ഷയില്ലാത്ത സ്റ്റേഷനുകൾ-ഇതിനിടയിലാണ് ഇത്തരത്തിലുള്ള കെട്ടിടാപകടങ്ങളും. യാത്രക്കാരൻ ടിക്കറ്റ് വാങ്ങുന്നത് ലക്ഷ്യസ്ഥാനത്തെത്താൻ മാത്രമല്ല; സുരക്ഷിതമായി വീട്ടിലെത്താനുമാണ്. ആ അടിസ്ഥാന അവകാശം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, റെയിൽവേയുടെ വികസന അവകാശവാദങ്ങൾ വെറും മുദ്രാവാക്യങ്ങളായി മാറും. കോഴിക്കോട് ക്ലോക്ക് ടവർ തകർന്നുവീണത് ഒരു ദുരന്തമാകാതെ പോയി. എന്നാൽ അടുത്ത തവണയും അതേ ഭാഗ്യം ഉണ്ടാകുമെന്ന് ആരാണ് ഉറപ്പുനൽകുക? മുന്നറിയിപ്പുകൾ അവഗണിച്ച്, റിപ്പോർട്ടുകൾ ഫയലുകളിൽ കിടത്തി, നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന ഭരണരീതിയാണ് യഥാർഥ അപകടം. ഈ സംഭവം ഒരു പാഠമാകണം. കേരളത്തിലെ എല്ലാ കാലപ്പഴക്കമുള്ള റെയിൽവേ കെട്ടിടങ്ങളുടെയും അടിയന്തര സുരക്ഷാ പരിശോധന നടത്തണം. അപകടാവസ്ഥയിലുള്ള നിർമ്മിതികൾ ഉടൻ പൊളിച്ചുമാറ്റുകയോ ശക്തിപ്പെടുത്തുകയോ വേണം. മുന്നറിയിപ്പുകൾ അവഗണിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉത്തരവാദിത്വം നിശ്ചയിച്ച് നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ അടുത്ത അപകടത്തിൽ ‘ആളപായമില്ല’ എന്ന വാർത്തയ്ക്ക് പകരം ‘നിരവധി പേർ മരിച്ചു’ എന്ന തലക്കെട്ട് വായിക്കേണ്ടി വരും.
കോഴിക്കോട് ക്ലോക്ക് ടവർ തകർന്നത് ഒരു കെട്ടിടമല്ല; പൊതുസുരക്ഷയോടുള്ള ഭരണകൂടത്തിന്റെ അലംഭാവമാണ്. ഇനിയെങ്കിലും ഉണരാൻ റെയിൽവേ തയ്യാറായില്ലെങ്കിൽ, അടുത്ത ദുരന്തത്തിന് ഉത്തരവാദി സമയം അല്ല, സംവിധാനമായിരിക്കും.
6

