കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. തോക്ക് ചൂണ്ടിയും പന്നിപ്പടക്കം എറിഞ്ഞുമാണ് സംഘം പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് സംഘത്തിലെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആട് ഷെമീറും സംഘവുമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.
മാവൂരിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ താമസിച്ചിരുന്ന നാല് പ്രതികളെ വളഞ്ഞ് പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതിരോധം ശക്തമായിരുന്നെങ്കിലും പൊലീസ് സാഹസികമായി പ്രതികളെ കീഴടക്കി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പരിക്കേറ്റ നാല് പൊലീസുകാരും ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

