Home Top Storiesകള്ളാടി തുരങ്ക ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്കും ധനസഹായം പ്രഖ്യാപിച്ചു

കള്ളാടി തുരങ്ക ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്കും ധനസഹായം പ്രഖ്യാപിച്ചു

by news_desk1
0 comments

തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയെ കൺവീനറാക്കി രൂപീകരിച്ച സമിതിക്കാണ് അന്വേഷണം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

അപകടത്തിന്റെ കാരണം, കരാർ കമ്പനി കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് തുരങ്കപാത പദ്ധതിയുടെ തുടർനടപടികളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ദുരന്തബാധിതർക്ക് ധനസഹായം

മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ സർക്കാർ ഉത്തരവിറക്കി.

ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമാണ്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്.

രണ്ടാം സോൺ കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്താൻ ഏറ്റവും കൂടുതൽ സാധ്യത ഈ മേഖലയിലാണെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ പ്രദേശത്തെ കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും അധികൃതർ അറിയിച്ചു.

ദുരന്തത്തിൽ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

You may also like