Slug: palakkad-murder
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവം പുറത്ത്. ആട്ടയാമ്പതി സ്വദേശിനിയായ 66 വയസ്സുകാരി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
സരസ്സമാളിന്റെ ആഭരണങ്ങൾ കവർന്നെടുക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 10-നാണ് സരസ്സമാളിനെ കാണാതായത്. തുടർന്ന് രജിസ്റ്റർ ചെയ്ത കാണാതായ കേസിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 വയസ്സുകാരനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

