Home Internationalഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

by news_desk1
0 comments

ദോഹ: ഖത്തർ മുൻ ഭരണാധികാരിയും ‘ഫാദർ അമീറുമായ’ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ തീരുമാനിക്കുകയും ചെയ്തു. ആധുനിക ഖത്തറിന്റെ വളർച്ചയ്ക്ക് നിർണായക നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഞായറാഴ്ച രാവിലെയായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം. ഇതേത്തുടർന്ന് ഉടൻ തന്നെ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചതായി അമീരി ദിവാൻ അറിയിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.

ജൂലൈ 13 മുതൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ജൂലൈ 19-ന് ജീവനക്കാർ ജോലിയിൽ പ്രവേശിക്കും. ഞായറാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മയ്യത്ത് നമസ്‌കാരം നടക്കും. തുടർന്ന് ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം സംസ്‌കരിക്കും.

1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച ശൈഖ് ഹമദ്, പിന്നീട് ഭരണച്ചുമതല മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറുകയായിരുന്നു. ഖത്തറിനെ മിഡിൽ ഈസ്റ്റിലെ പ്രധാന ശക്തികളിലൊന്നാക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

‘അൽ ജസീറ’ മാധ്യമ ശൃംഖലയുടെ സ്ഥാപനം, 2022-ലെ ഫിഫ ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം ലഭിക്കുന്നതിന് വഴിയൊരുക്കിയത്, 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, വിവിധ രാജ്യാന്തര സമാധാന കരാറുകൾ എന്നിവയും അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

You may also like