തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഫയൽ നീക്ക സംവിധാനത്തിലേക്ക് സർക്കാർ മാറുമെന്നും, പദ്ധതി നടത്തിപ്പിനായി മാപ്പിംഗ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പദ്ധതികൾക്ക് ഏകീകൃത പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും, പദ്ധതി നടത്തിപ്പിലെ കാലതാമസവും അധിക ചെലവും നിയന്ത്രിക്കുന്നതിന് പുതിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതിയുടെ ശുപാർശ. കെ-റെയിൽ പദ്ധതിയിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കരുതെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
വിദഗ്ധസമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

