Home National‘പെൺമക്കളുടെ വസ്ത്രം പോലും കീറുമോ?’; വിദ്യാർഥി പ്രതിഷേധത്തിലെ പൊലീസ് നടപടിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

‘പെൺമക്കളുടെ വസ്ത്രം പോലും കീറുമോ?’; വിദ്യാർഥി പ്രതിഷേധത്തിലെ പൊലീസ് നടപടിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

by news_desk1
0 comments

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അഖിലേഷ്, വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണെങ്കിൽ അവർ തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. വിദ്യാർഥികൾക്കെതിരെ പൊലീസ് ക്രൂരമായി പെരുമാറിയെന്നും അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തികൊണ്ട് മർദിച്ചു. അടിയേറ്റ് അവരുടെ ചോര ചിന്തി. കാലുകൾ തകർന്നു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടത്? നമ്മുടെ പെൺമക്കളുടെ വസ്ത്രം പോലും നിങ്ങൾ കീറുമോ? ഇതാണോ അവരോട് പെരുമാറേണ്ട രീതി?’ – അഖിലേഷ് യാദവ് സഭയിൽ ചോദിച്ചു.

വിദ്യാർഥികളുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തേണ്ടിവന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പാർലമെന്റിന് പുറത്തു സംസാരിക്കാൻ കഴിയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് സഭയിൽ ഈ വിഷയത്തിൽ പ്രസ്താവന നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികളുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനാണ് താനും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി പോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

You may also like