Home Kerala16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏൽപ്പിച്ച് അമ്മ മുങ്ങി; അന്വേഷണം ഊർജിതമാക്കി പൊലീസ്

16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏൽപ്പിച്ച് അമ്മ മുങ്ങി; അന്വേഷണം ഊർജിതമാക്കി പൊലീസ്

by news_desk1
0 comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് മുങ്ങിയതെന്നാണ് അധികൃതർ അറിയിച്ചത്.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ത്രീ പിന്നീട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് വനിതാ പൊലീസിന്റെ സംരക്ഷണയിൽ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച സ്ത്രീയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ യുവതിയുടെ ഫോൺ നമ്പറിലേക്ക് പൊലീസ് നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ് അറിയിച്ചു.

You may also like