Home Editorialപി.എം ശ്രീഇരട്ടത്താപ്പിന്റെ രാഷ്ട്രീയവും ജനവിശ്വാസത്തോടുള്ള വഞ്ചനയും

പി.എം ശ്രീഇരട്ടത്താപ്പിന്റെ രാഷ്ട്രീയവും ജനവിശ്വാസത്തോടുള്ള വഞ്ചനയും

by news_desk
0 comments

രാഷ്ട്രീയത്തിൽ അഭിപ്രായം മാറാം. നയങ്ങൾ തിരുത്താം. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങളിൽ വ്യത്യാസം വരാം. എന്നാൽ, ജനങ്ങളെ വിശ്വസിപ്പിച്ച് അധികാരത്തിലെത്തിയ ശേഷം അതേ ജനങ്ങളോട് പറഞ്ഞ വാക്കുകൾ നിഷേധിക്കുകയും വസ്തുതകളെ മറച്ചുവെച്ച് പുതിയ ന്യായങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ല. കേരളത്തിൽ പി.എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി അരങ്ങേറുന്ന വിവാദം ഇന്ന് ഒരു വിദ്യാഭ്യാസ നയത്തിന്റെ ചർച്ചയല്ല; അത് സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പരീക്ഷണമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിയെ ആർ.എസ്.എസ് അജണ്ടയെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ സംഘപരിവാർ ആശയങ്ങൾ വിദ്യാഭ്യാസത്തിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ഉപകരണമെന്നുമായിരുന്നു കോൺഗ്രസും യു.ഡി.എഫും വിശേഷിപ്പിച്ചത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കുമെന്ന വാഗ്ദാനമായിരുന്നു തെരഞ്ഞെടുപ്പ് വേദികളിലെ പ്രധാന മുദ്രാവാക്യം. എന്നാൽ അധികാരത്തിലെത്തിയതോടെ ആ വാക്കുകളെല്ലാം കാറ്റിൽ പറന്നു. ‘പിന്മാറാൻ കഴിയില്ല’ എന്ന വാദമാണ് മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രിയും യു.ഡി.എഫ് നേതൃത്വവും ആവർത്തിച്ച് പറഞ്ഞത്. മുൻ എൽ.ഡി.എഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ സംസ്ഥാനത്തിന് ഇനി വഴിയില്ലെന്നും, പിന്മാറിയാൽ കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു വിശദീകരണം. എന്നാൽ രാജ്യസഭയിൽ മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി ഈ വാദങ്ങളെ പൂർണമായി പൊളിച്ചെഴുതി. കേന്ദ്രസർക്കാർ തന്നെ പറയുന്നു- ‘കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമായിട്ടില്ല. ധാരണാപത്രം മാത്രമാണ് ഒപ്പിട്ടത്. ഒരു സർക്കാർ സ്കൂളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറാം. നഷ്ടമാകുക പദ്ധതിയുടെ വിഹിതം മാത്രമാണ്’. ഇത്രയും വ്യക്തമായ മറുപടി ലഭിച്ചിട്ടും ‘പിന്മാറാൻ കഴിയില്ല’ എന്ന പഴയ വാദം ആവർത്തിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയമല്ലാതെ മറ്റെന്താണ്?.
ഇവിടെയാണ് ഏറ്റവും വലിയ ചോദ്യം ഉയരുന്നത്. ഇത്രയും നാൾ പറഞ്ഞത് വസ്തുതയില്ലാത്ത വാദമായിരുന്നോ? അല്ലെങ്കിൽ ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചോ? രണ്ടിൽ ഏതാണെങ്കിലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പാർലമെന്റിലും തെരുവുകളിലും ശക്തമായ സമരം നയിച്ചത് കോൺഗ്രസാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സംഘപരിവാർ വിദ്യാഭ്യാസ അജണ്ടയ്‌ക്കെതിരെ നടത്തിയ പ്രസംഗങ്ങൾ ഇന്നും ജനങ്ങളുടെ ഓർമ്മയിലുണ്ട്. അന്ന് എതിർത്ത അതേ പദ്ധതിയുടെ ഭാഗമായ പി.എം ശ്രീ ഇന്ന് കേരളത്തിൽ നടപ്പാക്കാൻ ഇത്രയും താൽപര്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? ദേശീയ നേതൃത്വത്തിന്റെ നിലപാടും കേരളത്തിലെ സർക്കാരിന്റെ നടപടിയും തമ്മിലുള്ള ഈ വൈരുധ്യത്തിന് കോൺഗ്രസ് മറുപടി പറയേണ്ട ബാധ്യതയുണ്ട്. ഇതിലും ഗുരുതരമാണ് യു.ഡി.എഫിനകത്ത് പ്രകടമായ ആശയക്കുഴപ്പം. പദ്ധതി നടപ്പാക്കുമെന്ന് മുന്നണി കൺവീനർ പ്രഖ്യാപിക്കുന്നു. മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് അത് തള്ളിക്കളയുന്നു. വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പറയുന്നു. തുടർന്ന് സ്വന്തം പ്രസ്താവന തിരുത്താൻ കൺവീനർ നിർബന്ധിതനാകുന്നു. വിദ്യാഭ്യാസം പോലൊരു സുപ്രധാന വിഷയത്തിൽ പോലും മുന്നണിക്ക് ഏകാഭിപ്രായമില്ലെന്നത് ഭരണത്തിലെ ആശയദാരിദ്ര്യത്തിന്റെ തെളിവാണ്. ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും വലിയ മൂലധനം ജനങ്ങളുടെ വിശ്വാസമാണ്. ആ വിശ്വാസം നിലനിൽക്കുന്നത് വ്യക്തമായ നിലപാടുകളിലൂടെയും സത്യസന്ധമായ വിശദീകരണങ്ങളിലൂടെയുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങളും പ്രസംഗങ്ങളും മറക്കാമെന്ന രാഷ്ട്രീയ സംസ്കാരം ജനങ്ങൾ ഇനി അംഗീകരിക്കില്ല. പൊതുവിദ്യാഭ്യാസം ഒരു പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള പരീക്ഷണശാലയല്ല. അത് കേരളത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തുന്ന പൊതുസമ്പത്താണ്. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ശാസ്ത്രീയ ചിന്തയും സംരക്ഷിക്കപ്പെടേണ്ട ഇടമാണ് അത്. അതിനുമേൽ രാഷ്ട്രീയ സൗകര്യത്തിന്റെ പേരിൽ നിലപാട് മാറ്റുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണ്. സർക്കാരിന് മുന്നിൽ രണ്ട് വഴികളേയുള്ളൂ. ഒന്നാമത്, നിലപാട് മാറിയെങ്കിൽ അത് ജനങ്ങളോട് തുറന്നു സമ്മതിക്കുക. എന്തുകൊണ്ടാണ് മാറിയതെന്ന് സത്യസന്ധമായി വിശദീകരിക്കുക. രണ്ടാമത്, കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയ വസ്തുതകൾ അംഗീകരിച്ച് തീരുമാനം പുനഃപരിശോധിക്കുക. ഈ രണ്ടിനും തയ്യാറാകാതെ പഴയ വാദങ്ങൾ ആവർത്തിക്കുകയും പുതിയ വസ്തുതകൾ മറച്ചുവെക്കുകയും ചെയ്യുന്നത് രാഷ്ട്രീയ കാപട്യത്തിന്റെ തെളിവായി മാത്രം ചരിത്രം രേഖപ്പെടുത്തും. ജനങ്ങളെ വിശ്വസിപ്പിച്ച് അധികാരത്തിലെത്തിയവർക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശമില്ല. പി.എം ശ്രീ വിവാദം ഇനി ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ചർച്ച മാത്രമല്ല; സർക്കാരിന്റെ വിശ്വാസ്യതയും യു.ഡി.എഫിന്റെ രാഷ്ട്രീയ ആത്മാർഥതയും പരീക്ഷിക്കപ്പെടുന്ന നാഴികക്കല്ലാണ്. ഈ പരീക്ഷയിൽ വിജയിക്കണമെങ്കിൽ ആദ്യം വേണ്ടത് പുതിയ ന്യായങ്ങളല്ല, പഴയ വാക്കുകൾക്ക് മുന്നിൽ സത്യസന്ധമായി നിൽക്കാനുള്ള ധൈര്യമാണ്.

You may also like