Home Top Storiesസിംബാബ്‍വെയിൽ ബോട്ട് മുങ്ങി 44 മരണം; 77 പേരെ രക്ഷപ്പെടുത്തി, ദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്റ്

സിംബാബ്‍വെയിൽ ബോട്ട് മുങ്ങി 44 മരണം; 77 പേരെ രക്ഷപ്പെടുത്തി, ദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്റ്

by news_desk1
0 comments

ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ കരിബ തടാകത്തിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന 77 പേരെ രക്ഷപ്പെടുത്തി. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് അപകടമുണ്ടായത്.

90 യാത്രക്കാർക്കും നാല് ജീവനക്കാർക്കും സഞ്ചരിക്കാവുന്ന ബോട്ടിലാണ് അപകടം ഉണ്ടായത്. എന്നാൽ അപകടസമയത്ത് ഏകദേശം 120 പേർ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 12 പേർ കുട്ടികളാണെന്നും വിവരമുണ്ട്.

തടാകത്തിൽനിന്ന് 44 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അപകടത്തെ സിംബാബ്‍വെ പ്രസിഡന്റ് എമേഴ്സൺ നാംൻഗാഗ്വ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും സൈനിക ബോട്ടുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയതായി ഭരണകൂടം അറിയിച്ചു.

ബോട്ട് യാത്രതിരിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളും ബോട്ടിലെ തിരക്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ജനപ്രതിനിധികളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നാണ് സിംബാബ്‍വെയിലെ കരിബ തടാകം. സിംബാബ്‍വെയും സാംബിയയും തമ്മിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തടാകത്തിൽ ഇരു രാജ്യങ്ങൾക്കും വേണ്ടിയുള്ള ജലവൈദ്യുത പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.

You may also like