തിരുവനന്തപുരം: നടൻ ദേവൻ ബിജെപി വിട്ടു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതിനുള്ള കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്ന് ദേവൻ അറിയിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിലാണ് ബിജെപി വിട്ടതായുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും ദേവൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും അത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും ദേവൻ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ദേവൻ പറഞ്ഞു. അഞ്ച് വർഷം കേരള ബിജെപിയിൽ പ്രവർത്തിച്ചെങ്കിലും അത് സാധിച്ചില്ലെന്നും തന്റെ രാഷ്ട്രീയ നിലപാട് വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാലഞ്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ചില തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും ഇന്നലെ ആത്മപരിശോധന നടത്തിയ ശേഷമാണ് ബിജെപി വിടാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു.
“ഞാൻ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കാൻ തീരുമാനിച്ചു. അത് എഴുതിവെച്ചു”
എന്നാണ് ദേവൻ പ്രഖ്യാപിച്ചത്.
രാജി പ്രഖ്യാപനത്തിൽ അതൃപ്തി
അതേസമയം, ദേവന്റെ പ്രഖ്യാപനത്തിൽ അതേ വേദിയിൽ ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ അതൃപ്തി പ്രകടിപ്പിച്ചു. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ രാജി പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേവന് ആവശ്യമായ പരിഗണന നൽകിയെന്നും പാർട്ടിയിൽ ചേർന്നതിന് പിന്നാലെ സംസ്ഥാന ഭാരവാഹിയാക്കിയെന്നും ബി. രാധാകൃഷ്ണ മേനോൻ വ്യക്തമാക്കി. ബിജെപി വിടാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2004ൽ സ്വന്തം പാർട്ടി രൂപീകരിച്ചു
2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിച്ചു. കേരളം അവികസിതമായി തുടരുന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു.
2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായും ദേവൻ മത്സരിച്ചിരുന്നു.
