തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. കരുവാറ്റയിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തുടർനടപടികൾ കൃത്യമായി സ്വീകരിച്ച് മുന്നോട്ടുപോകും. സർക്കാർ ഇക്കാര്യങ്ങൾ വിശദമായി കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കുന്നതിനുള്ള ഉപസമിതി യോഗം ഓണം കഴിഞ്ഞ ഉടൻ ചേരും. ഓണത്തിന് ശേഷമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളെന്നും മന്ത്രി അറിയിച്ചു.
കെ-ടെറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കാൻ ശ്രമിക്കുന്നത്. അതിനനുസരിച്ചുള്ള വിധി നേടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
12
