കൊച്ചി: പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ലെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും വീണ്ടും കാണാൻ തോന്നിയില്ലെന്നും ശ്രീരാമൻ പറഞ്ഞു. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് താൻ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലിക്കളിക്കെതിരായ വി.കെ. ശ്രീരാമന്റെ പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ‘കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാരൂപം ലോകത്ത് ഒരിടത്തുമില്ല’ എന്നായിരുന്നു ഫേസ്ബുക്കിൽ ശ്രീരാമൻ കുറിച്ചത്.
പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. പുലിക്കളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം.
പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീരാമന്റേത് ബോഡി ഷെയ്മിങാണെന്നും ഫേസ്ബുക്ക് കുറിപ്പ് പിൻവലിക്കണമെന്നും സംഘങ്ങൾ ആവശ്യപ്പെട്ടു. ഒരിക്കൽ മാത്രമാണ് പുലിക്കളി കണ്ടതെന്ന് പറയുന്ന ശ്രീരാമൻ ഇത്തവണത്തെ പുലിക്കളി നേരിട്ട് കണ്ട് അഭിപ്രായം മാറ്റണമെന്നും പോസ്റ്റ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുലിക്കളി നിരവധി പേരുടെ ജീവിതമാർഗമാണെന്നും സംഘങ്ങൾ ചൂണ്ടിക്കാട്ടി. സിനിമയിൽ അശ്ലീലമായി പെരുമാറുന്നവരെ കാണുമ്പോൾ മനംപുരട്ടൽ ഉണ്ടാകാറുണ്ടോയെന്നും, കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും വിമർശകർ ചോദിച്ചു.
ഏറ്റവും മോശം വസ്ത്രം ധരിച്ച് ഓട വൃത്തിയാക്കാൻ ഇറങ്ങുന്നവരെ കാണുമ്പോൾ എന്താണ് തോന്നുന്നതെന്നും ചിലർ ചോദിച്ചു. ആണിനും പെണ്ണിനും രൂപഭംഗിയിൽ കുറവുകൾ ഉണ്ടാകാം; അതിനെ ‘കലയ്ക്കുവേണ്ടിയുള്ള ആഭാസം’ എന്ന് വിശേഷിപ്പിക്കരുതെന്നും ഇത് നിരവധി മനുഷ്യരുടെ ജീവിതവും കാത്തിരിപ്പുമാണെന്നും പ്രതികരണങ്ങൾ ഉയർന്നു.
അതേസമയം, പുലിക്കളിക്കെതിരെ നടത്തിയ പരാമർശം ആവർത്തിച്ചുകൊണ്ട് ശ്രീരാമൻ വ്യക്തമാക്കിയത് ഇതാണ്: പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്ത് ഒരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാവൈകൃതമുണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.
പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന പേരിൽ ഈ കുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും സുബ്രൻസാമി പറഞ്ഞിരുന്നു. “അതാണൊരു ആശ്വാസം” എന്നായിരുന്നു വി.കെ. ശ്രീരാമന്റെ കുറിപ്പിലെ പ്രതികരണം.
പുലിക്കളിയെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശ്രീരാമൻ വ്യക്തമാക്കി.
