സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല കവരുന്ന സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് ഇവരെ മലപ്പുറം ഐക്കരപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ബത്തേരിയിലെ മാലമോഷണക്കേസിൽ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ജില്ലയിൽ മാല കവർച്ചാ കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ 17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയായ വയോധികയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും ഉൾപ്പെടെ ഏകദേശം 3.82 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊട്ടിച്ചെടുത്തത്. ബത്തേരി ഗാന്ധി ജങ്ഷനിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വയോധിക അറിയുന്നത്.
വിവരം ലഭിച്ചതോടെ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കകം മധുരൈ സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ കണ്ണകി എന്ന അർച്ചന, രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് നിന്ന് പിടികൂടി.
മീനങ്ങാടിയിലെ ഒരു ഫാൻസി കടയിൽ നിന്ന് കോസ്മറ്റിക് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരസ്പരവിരുദ്ധമായി സംസാരിക്കുകയും പൂർണമായ വിവരങ്ങൾ പുറത്തുവിടാതിരിക്കുകയും ചെയ്തെങ്കിലും പൊലീസ് നടത്തിയ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഇവരുടെ കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭർത്താവ് രവിയിലേക്കും രമ്യയുടെ ഭർത്താവ് മാരിമുത്തുവിലേക്കും എത്തിയത്.
മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ് പണം വീതിച്ചെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഈശ്വരിക്കെതിരെ പാനൂർ, വാടാനപ്പള്ളി, അടൂർ പൊലീസ് സ്റ്റേഷനുകളിലും രമ്യക്കെതിരെ തൃശൂർ വെസ്റ്റ്, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്.
വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിലും മൂന്ന് പേർ റിമാൻഡിൽ
മാനന്തവാടിയിൽ പുൽപ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. തമിഴ്നാട് ഗണപതി കോവിൽ തെരുവിൽ ഇന്ദുമതി (49), ഗണപതിപക്കം സ്വദേശികളായ ജാൻവി (34), സുധ (31) എന്നിവരാണ് അറസ്റ്റിലായത്.
വയോധിക ബസിൽ പുൽപ്പള്ളിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്നതിനിടെ സംഘത്തിലെ ഒരാൾ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടിയ സംഘം മാല കവരാൻ ശ്രമിച്ചു.
അന്വേഷണത്തിനൊടുവിൽ പീച്ചങ്കോട് വച്ചാണ് മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയത്. ഇവർക്കെതിരെയും നേരത്തെ വിവിധ മോഷണക്കേസുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
