തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ഉൾപ്പെടെയുള്ള മുഴുവൻ ആസ്തികളുടെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം. ഇതുസംബന്ധിച്ച റിപ്പോർട്ട് ദേവസ്വം മന്ത്രി കെ. മുരളീധരന് സമർപ്പിച്ചു.
നിലവിലുള്ള ലോഹത്തിന്റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. സ്വർണം വാങ്ങുന്ന ഘട്ടത്തിലും സ്ട്രോങ് റൂമിലേക്ക് മാറ്റുന്ന സമയത്തും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വം സ്ഥാപനങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനുമായി പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും ദേവസ്വം സെക്രട്ടറി നിർദേശിച്ചു. സ്വർണം പൊതിയുന്ന ജോലികൾ പൂർണമായും പൂർത്തിയാക്കി ഭാരനിർണയം നടത്തിയ ശേഷമേ പണം കൈമാറാവൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ചുമതല ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ്.
ഓരോ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ആസ്തികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കും. സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ, ഭൂമി, കെട്ടിടങ്ങൾ, മറ്റ് സ്ഥിര-ജംഗമ ആസ്തികൾ എന്നിവയുടെ നിലവിലെ മൂല്യം കണക്കാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം.
