Home Keralaപാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം; അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ്: കെ.സി. വേണുഗോപാൽ

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം; അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ്: കെ.സി. വേണുഗോപാൽ

by news_desk1
0 comments

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കെ.സി. വേണുഗോപാൽ എം.പി. പ്രതിഷേധം അറിയിച്ചു. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നടത്താതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതായും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും കെ.സി. വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയുമടക്കം ഡിവിഷനിൽ നിന്ന് മാറ്റുന്നത് സാമ്പത്തിക ഭദ്രതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ട്രെയിൻ സമയക്രമം, പ്ലാറ്റ്‌ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ തുടങ്ങിയവയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മലബാർ മേഖലയിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് റെയിൽവേ മന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും നേരിൽ കണ്ട് വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായും വ്യക്തമാക്കി.

കെ.സി. വേണുഗോപാലിന്റെ പ്രതികരണം

സംസ്ഥാനവുമായി യാതൊരു ചർച്ചയും കൂടാതെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനത്തിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചർച്ച നടത്തിയെന്നും കേരളത്തിലെ മുഴുവൻ എം.പിമാരും ചേർന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടുന്ന മംഗളൂരു മേഖലയെ മാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിൻ സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്‌ഫോം അനുവദിക്കൽ, അറ്റകുറ്റപ്പണികൾ എന്നിവ കൂടുതൽ വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനും പ്രതികൂല സാഹചര്യം ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.

സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം നേരിട്ട പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും റെയിൽവേ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like