കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പദ്ധതി. രോഗികളുടെ സാമ്പത്തികഭാരം കുറയ്ക്കുകയും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സർജറി, ഓർത്തോപീഡിക്‌സ്, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ഉറപ്പാക്കും. സാധാരണ ഒ.പി സമയം കഴിഞ്ഞാലും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടായിരിക്കും. രാത്രിയിലും ഒരു സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമാകും.
ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പദ്ധതി പൂർണമായി നടപ്പാക്കാനാണ് തീരുമാനം. എ.ജി.എച്ച്.എസ് ഡോ. ഷിനു കെ.എസ് ആണ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ.
പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഇതിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കും.
ഇതിന് പുറമെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും ഇനി 24 മണിക്കൂറും കാത്ത് ലാബ് സേവനവും ലഭ്യമാക്കും.
