തിരുവനന്തപുരം: പി.എസ്.സി നിയമന ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഗവർണറെ സന്ദർശിച്ചത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞത്. ആഭ്യന്തര അന്വേഷണം, സ്വീകരിച്ച നടപടികൾ തുടങ്ങിയ കാര്യങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി ഗവർണറെ അറിയിച്ചു. പരീക്ഷകളെയും നിയമനങ്ങളെയും സംബന്ധിച്ച പരാതികളിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.സി പരീക്ഷകളും നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങളാണ് ഉയർന്നത്. അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായും വിവരമുണ്ട്.
പരീക്ഷാ മൂല്യനിർണയത്തിലും അഭിമുഖ പരീക്ഷയിലും ഉൾപ്പെടെ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. അർഹരായവരെ ഒഴിവാക്കി അനർഹർക്ക് നിയമനം നൽകിയെന്ന ആരോപണത്തിനും അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
