Home Nationalലഹരിമുക്ത ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ലഹരിമുക്ത ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

by news_desk1
0 comments

ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്തേകുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. എല്ലാ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ ഒരു കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ് ‘ലഹരിമുക്ത തമിഴ്നാട്’ ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

അതേസമയം, ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നിർമാണം, കടത്ത്, വിപണനം എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കിടയിലും, പ്രത്യേകിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കി ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് തസ്തികകൾ

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഈ വർഷം 10,000 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നും ഇതിൽ പകുതിയും വനിതകളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം നിലവിലെ 22 ശതമാനത്തിൽനിന്ന് 30 ശതമാനമായി ഉയർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like