ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പി.ജി.) കെട്ടിടം തകർന്നുവീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.
വിവരമറിഞ്ഞയുടൻ ദില്ലി ഫയർ സർവീസും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ പി.ജി. കെട്ടിടമാണ് തകർന്നത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം വിദ്യാർഥികളും മുറികളിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്‌സാക്ഷി പറഞ്ഞു.
12ഓളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഫയർഫോഴ്സും എൻഡിആർഎഫും പോലീസും ചേർന്ന് പരിശോധന ശക്തമാക്കി. സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
