Home Editorialഇരുട്ടടിക്ക് ആരാണ് ഉത്തരവാദി?

ഇരുട്ടടിക്ക് ആരാണ് ഉത്തരവാദി?

by news_desk
0 comments

പഴയ സർക്കാരിനെ പഴിചാരി കൈകഴുകാനാകില്ല
പത്തുവർഷം പവർകട്ട് അറിയാത്ത കേരളം വീണ്ടും ഇരുട്ടിലാകുന്നത് ഭരണകൂടത്തിന് മുന്നറിയിപ്പ്

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കേരളം ഇരുട്ടിലാകുന്നു. പലപ്പോഴും മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കം. വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ പീക്ക് സമയത്ത് 700 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി തന്നെ സമ്മതിച്ചിരിക്കുന്നു. ഇത് കേവലം സാങ്കേതിക പ്രശ്നമല്ല; കേരളത്തിന്റെ ഊർജസുരക്ഷ നേരിടുന്ന ഗുരുതര വെല്ലുവിളിയാണ്. മഴക്കുറവും കടുത്ത ചൂടും ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലെ ജലലഭ്യത കുറച്ചിട്ടുണ്ട്. ആഭ്യന്തര ഉൽപാദനം കുറഞ്ഞതിനൊപ്പം പുറത്തുനിന്നുള്ള വൈദ്യുതിയെ വലിയ തോതിൽ ആശ്രയിക്കേണ്ടിവരുന്നതും തിരിച്ചടിയായി. രാജ്യത്തെ വൈദ്യുതി ക്ഷാമം പവർ എക്സ്ചേഞ്ചിലെ ലഭ്യതയെയും ബാധിക്കുന്നു. ഇവ യാഥാർഥ്യങ്ങളാണെങ്കിലും, ഇതിന്റെ പേരിൽ ഭരണകൂടത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വൈദ്യുതി ആവശ്യകത ഉയരുമെന്ന് വർഷങ്ങൾക്കുമുമ്പേ വ്യക്തമായിരുന്നു. എ.സി., ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയുടെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ഉൽപാദനശേഷിയും സംഭരണ സംവിധാനവും ശക്തിപ്പെടുത്തേണ്ടതായിരുന്നു. ദീർഘകാല വൈദ്യുതി കരാറുകളും പുതിയ ഉൽപാദന പദ്ധതികളും മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതായിരുന്നു. മുൻ സർക്കാരിന്റെ കാലത്തെ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകാനുള്ള ശ്രമവും അംഗീകരിക്കാനാവില്ല. പത്തുവർഷക്കാലം കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങും അറിയാതെ ജീവിച്ചുവെന്നത് വസ്തുതയാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ രണ്ടോ മൂന്നോ ദിവസം പത്തോ ഇരുപതോ മിനിറ്റ് വൈദ്യുതി മുടങ്ങിയപ്പോൾ പോലും അതിനെ രൂക്ഷമായി വിമർശിച്ചവരാണ് ഇന്ന് അധികാരത്തിലുള്ളത്. അന്ന് ഉയർത്തിയ മാനദണ്ഡം ഇന്ന് മറക്കാനാകില്ല. ഭരണം മാറുമ്പോൾ ഉത്തരവാദിത്തവും മാറുന്നു. ജനങ്ങൾക്ക് വേണ്ടത് പഴയ കണക്കുകളുടെ വിശദീകരണമല്ല; ഇപ്പോഴത്തെ ഇരുട്ടിന് പരിഹാരമാണ്. വൈദ്യുതി നിയന്ത്രണം അനിവാര്യമായ സാഹചര്യത്തിൽ പോലും മുൻകൂർ അറിയിപ്പ് ഉറപ്പാക്കണം. ഓൺലൈനിലും ഓഫ്‌ലൈനിലും കൃത്യമായ വിവരങ്ങൾ ലഭ്യമാകണം. ആശുപത്രികൾ, വ്യവസായങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാവർക്കും അവരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ അതാവശ്യമാണ്. ജനങ്ങളോട് ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നത് അടിയന്തര സാഹചര്യത്തിൽ ശരിയാണ്. പക്ഷേ, എല്ലാ പ്രതിസന്ധിയിലും ജനങ്ങളോട് മാത്രം ത്യാഗം ആവശ്യപ്പെടുന്നത് പരിഹാരമല്ല. സ്വന്തം വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയാണ് കേരളത്തിന്റെ ദീർഘകാല ലക്ഷ്യം. ഓരോ വീടുകളിലും സർക്കാർ കെട്ടിടങ്ങളിലും സൗരോർജം വ്യാപകമാക്കണം. ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും കാറ്റാടി പദ്ധതികൾക്കും വേഗം നൽകണം. ഊർജസംഭരണ സംവിധാനങ്ങളിലും നിക്ഷേപം വർധിപ്പിക്കണം. പീക്ക് സമയത്തെ അമിത ഉപഭോഗം കുറയ്ക്കാൻ ശാസ്ത്രീയ സംവിധാനങ്ങളും ആവിഷ്കരിക്കണം. വൈദ്യുതി ഒരു ആഡംബരമല്ല; ആധുനിക ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്. അതിനാൽ താൽക്കാലികമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങി ഇന്നത്തെ പ്രതിസന്ധി മറികടക്കുന്നതോടൊപ്പം നാളത്തെ ആവശ്യത്തിനുള്ള സ്വന്തം ശേഷിയും കേരളം സൃഷ്ടിക്കണം. 15നകം പ്രതിസന്ധി പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാകട്ടെ. പക്ഷേ അതോടെ ദൗത്യം അവസാനിക്കുന്നില്ല. മുൻ സർക്കാരിനെ പഴിചാരിയാൽ ഇന്നത്തെ ഇരുട്ട് മാറില്ല. ജനങ്ങളോട് ഉപഭോഗം കുറയ്ക്കാൻ പറഞ്ഞാൽ നാളത്തെ വെളിച്ചവും ഉറപ്പാകില്ല.
ഉത്തരവാദിത്തമുള്ള ഭരണത്തിന്റെ അളവുകോൽ പ്രതിസന്ധിയുടെ കാരണം പറയുന്നതല്ല; അത് മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിഹാരം ഒരുക്കുന്നതാണ്. അരിക്കും പച്ചക്കറിക്കും അന്യദേശങ്ങളെ ആശ്രയിക്കുന്ന കേരളം വെളിച്ചത്തിനും മറ്റുള്ളവരുടെ വാതിൽക്കൽ കാത്തുനിൽക്കുന്ന അവസ്ഥയിലേക്ക് പോകരുത്. ഇന്നത്തെ ഇരുട്ട് മാറ്റുക അടിയന്തര ദൗത്യം. നാളത്തെ ഇരുട്ട് ഒഴിവാക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം.

You may also like