Home Editorialഅന്നം തരുന്നവരോട് എന്തിനീ ക്രൂരത?

അന്നം തരുന്നവരോട് എന്തിനീ ക്രൂരത?

by news_desk
0 comments

വിശപ്പിന്റെ വില അറിയുന്നവരാണ് അന്നം വിളയിക്കുന്നവർ. സ്വന്തം വയറിന്റെ വിശപ്പിനേക്കാൾ ഒരു നാടിന്റെ വിശപ്പിനെക്കുറിച്ച് ചിന്തിച്ച് മണ്ണിൽ വിത്തെറിയുന്ന മനുഷ്യർ. ആ മനുഷ്യന്റെ അധ്വാനത്തിന് അർഹമായ വില നൽകാൻ കഴിയാത്ത ഒരു സമൂഹം പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നത് എത്രമാത്രം വിരോധാഭാസമാണ്?. ഓണത്തിന് മുമ്പ് നെൽകർഷകർക്ക് കുടിശ്ശിക നൽകുമെന്ന സർക്കാർ വാക്ക് അവർ വിശ്വസിച്ചു. ഓണം കഴിഞ്ഞു. പൂക്കളമുണങ്ങി. ഓണസദ്യയുടെ രുചിയും ഓർമ്മയായി. പക്ഷേ കർഷകന്റെ അക്കൗണ്ടിൽ അന്നം വിളയിച്ച അധ്വാനത്തിന്റെ പണം എത്തിയില്ല. നെല്ല് സംഭരിച്ചത് സപ്ലൈകോയാണ്. പണം വൈകുന്നതിന് കേന്ദ്രത്തിൽനിന്ന് തുക ലഭിച്ചില്ലെന്ന വിശദീകരണം ആവർത്തിക്കുന്നു. എന്നാൽ സർക്കാരുകളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് ഒരു കർഷകന്റെ ജീവിതമാണ്. അവന്റെ വായ്പയ്ക്ക് രാഷ്ട്രീയം അറിയില്ല. ബാങ്കിന്റെ തിരിച്ചടവ് നോട്ടീസിന് ഭരണകൂടത്തിന്റെ വിശദീകരണം മനസ്സിലാകില്ല. പി.ആർ.എസ് വായ്പയെടുത്ത് മുന്നോട്ടുപോകാൻ പറഞ്ഞപ്പോൾ പലിശ സർക്കാർ നൽകുമെന്ന ഉറപ്പും ഉണ്ടായിരുന്നു. ആ ഉറപ്പും വെള്ളത്തിൽ വരച്ച വരപോലെയായാൽ കർഷകൻ എവിടേക്ക് പോകണം? ബാങ്ക് ഉദ്യോഗസ്ഥർ തിരിച്ചടവ് ആവശ്യപ്പെട്ട് വീട്ടുപടിക്കൽ എത്തുമ്പോൾ, വർഷം മുഴുവൻ മണ്ണിൽ പണിയെടുത്ത മനുഷ്യൻ ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടത്?. കർഷകന്റെ കൈയിൽ വിത്തുണ്ട്; പക്ഷേ കൃഷിയിറക്കാൻ ധൈര്യമില്ല. മണ്ണുണ്ട്; പക്ഷേ കടം തീർക്കാൻ പണമില്ല. വിളവുണ്ട്; പക്ഷേ അതിന്റെ വില കിട്ടുന്നില്ല. പാലക്കാടും കുട്ടനാടും ആലപ്പുഴയും കേരളത്തിന്റെ നെല്ലറകളാണെന്ന് അഭിമാനത്തോടെ പറയുമ്പോൾ, ആ നെല്ലറകളിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നതിന്റെ കാരണം അന്വേഷിക്കാൻ ഭരണകൂടം തയ്യാറാകണം. ഉൽപ്പാദനച്ചെലവ് കുതിക്കുകയും വരുമാനം വൈകുകയും കടബാധ്യത പെരുകുകയും ചെയ്യുമ്പോൾ അടുത്ത തലമുറ കൃഷിയിലേക്ക് വരാത്തതിൽ അത്ഭുതപ്പെടേണ്ടതില്ല. ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ആദ്യം അന്നം തരുന്ന മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കണം. കർഷകൻ തകർന്നാൽ തകരുന്നത് ഒരു കുടുംബം മാത്രമല്ല; ഒരു നാടിന്റെ ഭക്ഷ്യശൃംഖലയാണ്. നെല്ല് സംഭരിച്ചാൽ നിശ്ചിത ദിവസത്തിനകം കർഷകന്റെ അക്കൗണ്ടിൽ പണമെത്തുന്ന നിയമപരമായ സംവിധാനം വേണം. പി.ആർ.എസ് വായ്പയുടെ പലിശ സർക്കാർ കൃത്യമായി ബാങ്കുകളിൽ അടയ്ക്കണം. ഇത് സഹായമല്ല-കർഷകന് അവകാശപ്പെട്ട പ്രതിഫലമാണ്. അന്നം തരുന്നവനോട് കരുണ കാണിക്കണമെന്നല്ല പറയുന്നത്. അവന്റെ അധ്വാനത്തിന് നീതി നൽകണമെന്നാണ് പറയുന്നത്. കർഷകന്റെ കണ്ണീരിൽ കുതിർന്ന മണ്ണിൽനിന്ന് വിളയുന്ന അരിമണികൊണ്ട് നമ്മുടെ തീൻമേശ നിറയ്ക്കുമ്പോൾ, ആ മനുഷ്യന്റെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് ചോദിക്കാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?. അന്നം തരുന്നവരോട് എന്തിനാണീ ക്രൂരത കാണിക്കുന്നത്. അവരുടെ കൈകൾ തളർന്നാൽ നാളെ നമ്മുടെ തീൻമേശയിൽ എന്തുണ്ടാകും?

You may also like