Home Kerala‘രാത്രി 6.15 മുതൽ വൻ ക്ഷാമം, 900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

‘രാത്രി 6.15 മുതൽ വൻ ക്ഷാമം, 900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. വൈകീട്ട് 6.15 നും രാത്രി 12.45 നും ഇടയിലുള്ള സമയങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുക. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കാണാത്തതിനാലാണ് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ഉറപ്പായത്. നിലവിൽ 900 മെഗാവാട്ടിന്റെ കുറവാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.

മധ്യപ്രദേശിൽ നിന്ന് കടമായി ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമാകില്ലെന്ന് ഉറപ്പായതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാൻ സാധിച്ചതിനെ തുടർന്ന് ഇന്നലെ വലിയ തോതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാനും വരാനിരിക്കുന്ന വേനൽക്കാലം നേരിടാനുമായി വരും മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ:

പ്രതിസന്ധി തുടരുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്—99.93 ദശലക്ഷം യൂണിറ്റ്. രാത്രി 10.15-നാണ് ഏറ്റവും ഉയർന്ന ആവശ്യകത നേരിട്ടത്; ഈ സമയത്ത് മാത്രം 5,305 മെഗാവാട്ടായിരുന്നു ഉപഭോഗം.

ഇന്നലെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മഴ പെയ്തതിനാലും വിശ്വകർമ്മ ജയന്തി അവധിയായിരുന്നതിനാലും അവിടെ വൈദ്യുതി ആവശ്യം കുറവായിരുന്നു. ഇത് കാരണം ഗ്രിഡിൽ നിന്ന് 800 മെഗാവാട്ട് വരെ അധികമെടുക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി ലഭിക്കുകയും തത്സമയ വിപണിയിൽ നിന്ന് 8.83 ദശലക്ഷം യൂണിറ്റ് അധികമായി വാങ്ങുകയും ചെയ്തതുകൊണ്ടാണ് ഇന്നലെ പീക്ക് സമയങ്ങളിൽ വലിയ ലോഡ്ഷെഡിംഗ് ഒഴിവാക്കാനായത്.

കേന്ദ്രത്തിന്റെ അധിക വിഹിതമായ 150 മെഗാവാട്ടിന് പുറമെ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ കെ.എസ്.ഇ.ബി തുടരുകയാണ്. എങ്കിലും നിലവിലുള്ള ചർച്ചകളിൽ ഭൂരിഭാഗവും അടുത്ത വർഷം മുതലുള്ള കരാറുകൾക്കാണ് ധാരണയായിരിക്കുന്നത്.

You may also like