Home Editorialവോട്ടിന്റെ കാവൽക്കാർ സംശയത്തിന്റെ നിഴലിൽ

വോട്ടിന്റെ കാവൽക്കാർ സംശയത്തിന്റെ നിഴലിൽ

by news_desk
0 comments

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ

വോട്ടിന്റെ കാവൽക്കാരൻ തന്നെ സംശയത്തിന്റെ നിഴലിലായാൽ ജനാധിപത്യത്തിന്റെ കാവൽ ആരെടുക്കും?
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണായകമായ ചോദ്യമാണിത്. ജനങ്ങൾ വോട്ട് ചെയ്യുന്നു; എന്നാൽ ആ വോട്ട് സാധുവായി രേഖപ്പെടുത്തപ്പെടുന്നുവെന്നും അതിന് അർഹനായ ഓരോ പൗരന്റെയും പേര് വോട്ടർപട്ടികയിൽ സുരക്ഷിതമാണെന്നും ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ സ്ഥാപനത്തിന്റെ അകത്തുനിന്നുതന്നെ ആവർത്തിച്ചുള്ള വിയോജിപ്പുകളുടെ ശബ്ദം ഉയരുന്നുവെന്ന വാർത്ത അതുകൊണ്ടുതന്നെ നിസ്സാരമായി തള്ളിക്കളയാനാവില്ല. യോജിപ്പും വിയോജിപ്പും ജനാധിപത്യത്തിലെ സൗന്ദര്യമുള്ള വാക്കുകളാണ്. പക്ഷേ, ചിലപ്പോൾ അത് ആശങ്കപ്പെടുത്തുന്നതും അപായപ്പെടുത്തുന്നതുമാകുമെന്നതാണ് പ്രശ്നം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ വിവിധ വിഷയങ്ങളിൽ 14 ഔദ്യോഗിക വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. അഭിപ്രായവ്യത്യാസം ഏതൊരു സ്ഥാപനത്തിലും സ്വാഭാവികമാണ്. പക്ഷേ വോട്ടർപട്ടികയും വോട്ടവകാശവും പോലുള്ള വിഷയങ്ങളിൽ ആവർത്തിച്ച് ഔദ്യോഗിക വിയോജിപ്പുകൾ ഉയരുന്നുവെങ്കിൽ അത് ജനങ്ങളോട് വിശദീകരിക്കേണ്ട വിഷയമാണ്. എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ആഭ്യന്തര ചർച്ചയുടെ സ്വാഭാവിക ഭാഗമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ആ വിശദീകരണം നിലനിൽക്കുമ്പോഴും വിയോജനക്കുറിപ്പുകളിൽ ഉന്നയിക്കപ്പെട്ട നിയമപരവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. കാരണം വിഷയം ഒരു ഓഫിസിലെ അഭിപ്രായവ്യത്യാസമല്ല. ഒരു പൗരന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടോ ഇല്ലയോ എന്നത് അയാളുടെ ജനാധിപത്യ അവകാശത്തിന്റെ കാര്യമാണ്. കോടിക്കണക്കിന് പേരെ ബാധിക്കുന്ന എസ്.ഐ.ആർ പോലുള്ള വോട്ടർപട്ടിക പരിഷ്കരണത്തിൽ ഓരോ ഒഴിവാക്കലിനും വ്യക്തമായ കാരണം വേണം; തിരുത്താനുള്ള അവസരവും അപ്പീൽ ചെയ്യാനുള്ള അവകാശവും വേണം. വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടതുണ്ട്. എന്നാൽ ശുദ്ധീകരണത്തിന്റെ പേരിൽ അർഹനായ ഒരാളുടെ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്. സാങ്കേതിക സംവിധാനത്തിലെ പിഴവായാലും ഭരണപരമായ വീഴ്ചയായാലും അതിന്റെ വില നൽകേണ്ടത് ഒരു പൗരന്റെ വോട്ടവകാശമാകരുത്. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ കക്ഷികളുടെ താൽപര്യങ്ങൾക്കതീതമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്. അതിനാൽ ഒരു പക്ഷത്തിന്റെ ആരോപണവും മറുപക്ഷത്തിന്റെ നിഷേധവും മാത്രം മതിയാകില്ല. രേഖകൾ സംസാരിക്കണം. നടപടിക്രമങ്ങൾ സുതാര്യമാകണം. തീരുമാനങ്ങൾ പരിശോധിക്കപ്പെടണം. ടി.എൻ. ശേഷന്റെ കാലത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാരമ്പര്യം ഓർമിക്കപ്പെടുന്നത് ശക്തമായ സ്ഥാപനവിശ്വാസത്തിന്റെ പേരിലാണ്. ആ വിശ്വാസം ഒരു വ്യക്തിയുടെ പൈതൃകമല്ല; ജനാധിപത്യ സ്ഥാപനത്തിന്റെ സമ്പത്താണ്. അതിൽ സംശയത്തിന്റെ ഒരു രേഖ പോലും വീണാൽ അത് മായ്ക്കാനുള്ള ഉത്തരവാദിത്വവും സ്ഥാപനത്തിനുതന്നെയാണ്. എസ്.ഐ.ആറിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് പറയാനാവില്ല. അതുപോലെ അവയെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളാനും കഴിയില്ല. ജനാധിപത്യത്തിൽ സംശയത്തിന് ഏറ്റവും നല്ല മറുപടി സുതാര്യതയാണ്. വോട്ടർപട്ടിക പരിഷ്കരിക്കട്ടെ. പക്ഷേ ജനങ്ങളുടെ അവകാശം ചുരുങ്ങരുത്. നിയമം നടപ്പാക്കട്ടെ. പക്ഷേ നിയമത്തിന്റെ പേരിൽ സംശയത്തിന് ഇടവരരുത്. രഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കട്ടെ. പക്ഷേ ആ തീരുമാനത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാനാകണം. കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകരുന്നത് ഒരു സ്ഥാപനത്തിന്റെ മാത്രം പ്രതിസന്ധിയല്ല-അത് ജനാധിപത്യത്തിന്റെ വിശ്വാസ്യതയിലേക്കുള്ള വിള്ളലാണ്.

You may also like