Home Keralaബന്ധുവിനെ ആക്രമിച്ച കേസിൽ പരാതി നൽകാൻ മുന്നിൽ നിന്നു; എടവണ്ണയിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ 29കാരൻ പിടിയിൽ

ബന്ധുവിനെ ആക്രമിച്ച കേസിൽ പരാതി നൽകാൻ മുന്നിൽ നിന്നു; എടവണ്ണയിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ 29കാരൻ പിടിയിൽ

by news_desk1
0 comments

മലപ്പുറം: മുൻവൈരാഗ്യത്തെ തുടർന്ന് എടവണ്ണയിൽ യുവാവിനെ കാറിലെത്തിയ സംഘം മുഖംമൂടി ധരിച്ച് ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കൂടി പിടിയിൽ. മുക്കം ആനയാംകുന്ന് സ്വദേശി പുതിയോട്ടിൽ അർഷാദ് (29) ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. മുക്കത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 18ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. എടവണ്ണയിൽ ഫർണിച്ചർ ഷെഡ് നടത്തുന്ന മമ്പാട് സ്വദേശി കാമ്പ്രത്ത് ഷാജഹാനെയാണ് കാറിലെത്തിയ സംഘം ഇരുമ്പുവടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഷാജഹാന്റെ ഇരുകാലുകളിലെയും എല്ലുകൾക്ക് പൊട്ടലേറ്റിരുന്നു.

സംഭവത്തിന് നാല് ദിവസം മുമ്പ് കേസിലെ പ്രതികളായ വഫീദും വിജീഷും ഷാജഹാന്റെ ബന്ധുവിനെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാൻ ഷാജഹാൻ മുൻകൈയെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസ് പ്രതിയായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ നിസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

നിസാം, എടവണ്ണ സ്വദേശികളായ പുത്തൻവീട്ടിൽ വഫീദ് (25), പുതുക്കോടൻ വിജീഷ് (29), തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അമൽ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അർഷാദിന്റെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീഖിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നത്. 2021ൽ രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുണ്ടായ വാഹന ചേസിങ്ങിനിടെ അഞ്ചുപേർ മരിച്ച കേസിലും അർഷാദ് ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ജാഫർ, സുനിത, സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, നിബിൻദാസ്, ജിയോ ജേക്കബ്, പി. സജീഷ്, സി.കെ. സജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

You may also like