Home Kerala21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന്; ഫാർമസിസ്റ്റിന് വീഴ്ച, നടപടിക്ക് ശുപാർശ

21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന്; ഫാർമസിസ്റ്റിന് വീഴ്ച, നടപടിക്ക് ശുപാർശ

by news_desk1
0 comments

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ ഫാർമസിസ്റ്റിനെതിരെ നടപടി സ്വീകരിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഡെപ്യൂട്ടി ഡിഎംഒ സമർപ്പിച്ചു.

കുഞ്ഞിന് നൽകേണ്ട ഓയിൻമെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കൽ കോളേജിൽ എത്തിയിരുന്നെങ്കിലും പഴയ സ്റ്റോക്കിൽ നിന്നാണ് മരുന്ന് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലും പഴയ സ്റ്റോക്ക് വെള്ള നിറത്തിലുള്ള കവറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഫാർമസിസ്റ്റ് വെള്ള നിറത്തിലുള്ള കവറിലുണ്ടായിരുന്ന പഴയ സ്റ്റോക്കിലെ ഓയിൻമെന്റാണ് നൽകിയത്.

കഴുത്തിലെ അലർജിക്ക് ചികിത്സ തേടി ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. കുഞ്ഞിന് നൽകുന്നതിന് മുമ്പ് മരുന്നിന്റെ കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നാണ് കുടുംബം പറയുന്നത്.

2024 ജൂണിൽ നിർമ്മിച്ചതും രണ്ട് വർഷം കാലാവധിയുണ്ടായിരുന്നതുമായ ഓയിൻമെന്റാണ് കുഞ്ഞിന് നൽകിയത്. എന്നാൽ മരുന്ന് കാലാവധി കഴിഞ്ഞിട്ട് മൂന്ന് മാസം പിന്നിട്ടിരുന്നതായാണ് പിന്നീട് കണ്ടെത്തിയത്. സംഭവത്തിൽ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് നിർദേശം നൽകി.

ഡോക്ടർ എഴുതിനൽകിയ കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് സോബിന് മരുന്ന് നൽകിയത്. തുടർന്ന് വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് കുടുംബം മനസിലാക്കിയത്.

വകുപ്പ് തല അന്വേഷണത്തിൽ ഫാർമസിസ്റ്റിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

You may also like