സിഡ്നി: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒമാൻ സ്വദേശിയായ പൈലറ്റ് രണ്ട് വർഷത്തോളം ഓസ്ട്രേലിയയിൽ വിദ്യാർഥിയായി കഴിഞ്ഞിരുന്നു. 2014ൽ വിദ്യാർഥി വിസ ലഭിച്ച ഇയാൾ 2017ലാണ് ഓസ്ട്രേലിയ വിട്ടത്. പഠിച്ചിരുന്ന കോഴ്സ് പൂർത്തിയാക്കാതെ വന്നതിനെ തുടർന്ന് 2019ൽ വിസ റദ്ദാക്കി.
ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും സുരക്ഷാ ഇന്റലിജൻസ് ഓർഗനൈസേഷനും ഉൾപ്പെട്ട കൗണ്ടർ ടെററിസം സംഘമാണ് ഇയാളുടെ ഓസ്ട്രേലിയൻ ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. ഓസ്ട്രേലിയൻ സർവകലാശാലയിൽ എൻജിനീയറിങ്ങും യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ഏവിയേഷൻ മാനേജ്മെന്റിൽ വിദൂരവിദ്യാഭ്യാസ കോഴ്സും ഇയാൾ പൂർത്തിയാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിനു പിന്നാലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈദുബായ് താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയാണ് സർവീസുകൾ നിർത്തിയതെന്നാണ് വിവരം. ആക്രമണത്തിനു പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ യുഎഇയ്ക്കു പുറമെ ഇസ്രയേൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളും പങ്കാളികളാണ്.
സെപ്റ്റംബർ 30ന് 180 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിൽവച്ച് സഹപൈലറ്റ് പൈലറ്റിനെ കുത്തുകയും വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
