ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ കക്ഷികൾ ഒന്നിച്ചിട്ടും ഡൽഹിയിലെ പ്രതിഷേധത്തിൽ 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന റോഡ് ഷോ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദമാകില്ലെന്നും ഷാ വിമർശിച്ചു.
ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾ ചൂണ്ടിക്കാട്ടിയ അമിത് ഷാ, ജനങ്ങൾ ഇന്ത്യാസഖ്യത്തെ പൂർണമായി തള്ളിക്കളഞ്ഞുവെന്നും അഭിപ്രായപ്പെട്ടു. നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുൽ ഗാന്ധി തെറ്റായ പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. 2029ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ബാരിക്കേഡുകൾ തീർത്തും സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാലും ലക്ഷ്യം നേടുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗശേഷം നേതാക്കൾ പ്രഖ്യാപിച്ചു.
സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും ജനാധിപത്യം തിരിച്ചുപിടിക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പ്രതിഷേധമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജന്തർ മന്തറിനെ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെയും നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നവർക്കെതിരായ ജനവികാരമാണ് ഡൽഹിയിൽ കണ്ടതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. അടുത്ത സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ നേതാവ് ഡി. രാജ, എൻസിപി നേതാവ് സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്, ഐസ പ്രതിനിധി നേഹ ബോറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കും തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കുമെതിരായ പോരാട്ടത്തിൽ കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാർഥികളും അണിനിരക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സുപ്രീംകോടതിയിലും ചീഫ് ജസ്റ്റിസിലും പൂർണ വിശ്വാസമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിലൂടെയും ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും മുന്നോട്ടുപോകുമെന്നും ഇന്ത്യാസഖ്യം അറിയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഭരണഘടനാപരമായ എല്ലാ മാർഗങ്ങളിലൂടെയും സമ്മർദം തുടരുമെന്നും പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
