കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാഫലം. കാക്കനാട്ടെ റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ രക്തസാമ്പിളിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ മദ്യത്തിന്റെ അളവ് അധികൃതർ പുറത്തുവിട്ടിട്ടില്ല. രാസലഹരി ഉൾപ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന കാര്യം കൂടുതൽ പരിശോധനകൾക്കുശേഷമേ വ്യക്തമാകൂ.
അതിനിടെ, കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന സുഹൈലും കൂട്ടുപ്രതികളും മുടി മുറിച്ചത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തെളിവെടുപ്പിനിടെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് മുടി മുറിച്ചതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരിച്ചത്. അപകടത്തിനുശേഷം നാട്ടുകാർ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാവിലെ 6.59ന് തയ്യാറാക്കിയ എഫ്ഐആറിൽ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നുവെന്ന വിവരം ഉൾപ്പെടുത്താതിരുന്നതും വിവാദമായിരുന്നു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സുഹൈൽ മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലുവ റൂറൽ എസ്.പി. കെ.എസ്. വിശദീകരിച്ചിരുന്നു. പ്രതി മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രക്തസാമ്പിളിന്റെ പരിശോധനാഫലം പുറത്തുവന്നത്.
23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകാൻ പാടില്ലെന്നിരിക്കെ, സുഹൈലിനും സുഹൃത്തുക്കൾക്കും മദ്യം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്ന് പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ലഭിച്ച സുഹൈലുമായി നെടുമ്പാശേരി പൊലീസ് ബാറുകളിലും അപകടസ്ഥലത്തും എത്തി തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് 12.30 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നര വരെ സുഹൈൽ മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ സുഹൈൽ നീട്ടിവളർത്തിയിരുന്ന മുടി പൂർണമായും വെട്ടിയ നിലയിലായിരുന്നു. കൂട്ടുപ്രതികളായ നിനവ്, അമീർ, ജോയൽ എന്നിവരും മുടി മുറിച്ചിരുന്നു. ഇതോടെയാണ് സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയർന്നത്.
എന്നാൽ ബോസ്റ്റൽ സ്കൂളിലെ അന്തേവാസികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനുള്ള പതിവ് നടപടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം. 66 പേരെ പാർപ്പിക്കാനുള്ള ശേഷിയുള്ള സ്ഥാപനത്തിൽ നിലവിൽ 131 പേരുണ്ട്. ഇതിൽ 108 പേരോളം റിമാൻഡ് തടവുകാരാണ്. മുടി മുറിക്കുന്നതിനായി അന്തേവാസികൾക്ക് ട്രിമ്മർ നൽകിയിട്ടുണ്ടെന്നും സുഹൈലും കൂട്ടുപ്രതികളും ഇതുപയോഗിച്ചാണ് മുടി മുറിച്ചതെന്നും അധികൃതർ വ്യക്തമാക്കി. മറ്റു തടവുകാരും ഇത്തരത്തിൽ മുടി മുറിക്കാറുണ്ടെന്നും ബ്ലേഡ് അനുവദിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
