Home Top Storiesകേരളത്തെ കടക്കെണിയിലാക്കി കിഫ്ബി; സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ച് ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തെ കടക്കെണിയിലാക്കി കിഫ്ബി; സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ച് ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തായെന്ന് അവകാശപ്പെട്ട കിഫ്ബി സംസ്ഥാനത്തിന് വരുത്തിവെച്ചത് വൻ സാമ്പത്തിക ബാധ്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനം ധനവകുപ്പിനെ പൂർണ്ണമായും നോക്കുകുത്തിയാക്കിക്കൊണ്ടുള്ളതായിരുന്നുവെന്നും, കിഫ്ബി റിപ്പോർട്ടിൽ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ഇതുവരെ ഒരു സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിഫ്ബിയുടെ വായ്പ തിരിച്ചടവിനായി മാത്രം 99.4 ശതമാനം വരുമാനവും ഉപയോഗിക്കേണ്ടി വന്നതായും, ഇതിലൂടെ 25,932.55 കോടി രൂപയുടെ കടമെടുപ്പ് പരിധി നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പിന്റെ ശക്തമായ എതിർപ്പുകൾ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം പോലും മറികടന്നാണ് നടപ്പിലാക്കിയത്. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായത്. പദ്ധതികളുടെ നടത്തിപ്പിൽ ജില്ലാ അടിസ്ഥാനത്തിൽ കടുത്ത അസമത്വമാണ് നിലനിൽക്കുന്നതെന്നും, ഭൂമി ഏറ്റെടുത്തതിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ഇരട്ടി തുക നൽകിയാണ് കണ്ണൂരിൽ 1,000 ഏക്കർ ഭൂമി ഏറ്റെടുത്തത്. പരസ്യത്തിനായി മാത്രം 203.72 കോടി രൂപ ധൂർത്തടിച്ചു. സർക്കാരിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണ് 498 ജീവനക്കാരെ നിയമിച്ചതെന്നും, ഇതിൽ 40 തസ്തികകൾക്ക് മാത്രമാണ് അംഗീകാരമുള്ളതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

സംസ്ഥാനത്തിന് വലിയ ബാധ്യത വരുത്തിവെച്ച ഈ വിഷയങ്ങൾ മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്യുമെന്നും, നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി ലംഘിച്ചുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ കിഫ്ബി വഴി ആരംഭിച്ച യാതൊരുവിധ വികസന പദ്ധതികളും സർക്കാർ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like