Home Keralaമണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി ശബരിമലയിൽ ഒരുക്കങ്ങൾ ഊർജിതമാക്കി. അരവണ ഉൾപ്പെടെയുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ ഇത്തവണ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നിലയ്ക്കലിലെയും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തി ഒരുക്കങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നടത്തിയ അവലോകന യോഗത്തിലെ തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് പരിശോധിക്കും. പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയ വിഭാഗങ്ങളെ ആവശ്യാനുസരണം വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കും. മരാമത്ത് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്താലും വീണ്ടും കുന്നുകൂടുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ കാര്യക്ഷമമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ശബരിമലയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ക്ലീൻ കേരള മിഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലയ്ക്കലിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരേസമയം 6000 പേർക്ക് വീതം വിശ്രമിക്കാവുന്ന ജർമൻ മാതൃകയിലുള്ള വിശ്രമകേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. തീർഥാടന മേഖലയിലെ വെളിച്ചം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കുന്നതിനൊപ്പം എക്സൈസ് പരിശോധനയും കാര്യക്ഷമമാക്കും.

ചാലക്കയം റോഡിന്റെ നിർമാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയെന്നും മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇത്തവണത്തെ മണ്ഡലകാലം മികച്ച രീതിയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശങ്ങൾ പാലിക്കും. ഈ സീസൺ അവസാനിച്ചശേഷം ശബരിമലയിലെ ദീർഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് തിരുപ്പതി മാതൃകയിലുള്ള പദ്ധതികൾക്ക് തുടക്കമിടാനും ആലോചനയുണ്ട്. ശബരിമലയെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായി കൂടുതൽ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഭക്തർക്ക് സൗജന്യമായി വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മാസപൂജ അവസാനിക്കുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like