Home Top Storiesനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെ നാലുപേർക്കും ജാമ്യമില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെ നാലുപേർക്കും ജാമ്യമില്ല

by news_desk1
0 comments

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാറിടിച്ച് മൂന്ന് കൗമാരക്കാർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേർ സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാർ മരിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായതിനെ തുടർന്ന് കോടതി വിധി പറയാൻ ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്‌സാക്ഷികളില്ലാതെയാണ് കേസിന്റെ ആദ്യഘട്ടത്തിൽ ഈ വകുപ്പ് ചുമത്തിയതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് മനുഷ്യജീവന് അപകടമുണ്ടാക്കുമെന്ന് അറിയാവുന്നവരാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രായം പരിഗണിക്കുന്നതിനൊപ്പം അപകടത്തിൽ മരിച്ച മൂന്ന് കൗമാരക്കാരുടെ പ്രായവും കണക്കിലെടുക്കണമെന്നും വാദിച്ചു.

ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പരിശോധനാ ഫലമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സുഹൈൽ സജീവിനെ പൊലീസ് കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 9.25ഓടെ ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തിയത്. അപകടം നടന്ന സ്ഥലം, വാഹനങ്ങൾ എത്തിയ ദിശ, സ്കൂട്ടർ തെറിച്ചുവീണ സ്ഥലം, അപകടസമയത്തെ കാറിന്റെ വേഗത തുടങ്ങിയ വിവരങ്ങൾ പ്രതി അന്വേഷണസംഘത്തോട് വിശദീകരിച്ചതായാണ് വിവരം.

പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവെടുപ്പിനായി അപകടസ്ഥലത്തേക്ക് കൊണ്ടുവന്നില്ല. അപകടദിവസം സുഹൈലിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ പ്രകോപിതരായ നാട്ടുകാർ മർദിച്ച സംഭവവും ഉണ്ടായിരുന്നു.

അപകടസമയത്ത് സമീപത്തുണ്ടായിരുന്ന ഈരാളി ജോജിൻ, കണിയത്ത് വർഗീസ് എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നതിനിടെയാണ് നാലു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്

You may also like