തൃശ്ശൂർ: മകനും മരുമകളും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയ സമയത്ത് കോടന്നൂരിലെ വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവെട്ടുവഴിയിലെ വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ഇരുവരും ഏറെക്കാലമായി വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
മകനും ഭാര്യയും ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. രോഗബാധിതരായി കഴിയുന്നതിലെ പ്രയാസങ്ങളും കുടുംബത്തിന് ബാധ്യതയാകരുതെന്ന ചിന്തയുമാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
