Home Top Stories‘പിണറായി മാത്രമല്ല പാർട്ടി’; എക്സാലോജിക് കേസിൽ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കൊല്ലം സിപിഎം യോഗത്തിൽ വിമർശനം

‘പിണറായി മാത്രമല്ല പാർട്ടി’; എക്സാലോജിക് കേസിൽ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കൊല്ലം സിപിഎം യോഗത്തിൽ വിമർശനം

by news_desk1
0 comments

കൊല്ലം: ‘പിണറായി വിജയൻ മാത്രമല്ല പാർട്ടി, നേതാക്കൾ അത് ഓർക്കണം’—സിപിഐഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസവും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനം. എക്സാലോജിക് കേസിൽ പിണറായി വിജയനെയും മകൾ വീണ വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമുള്ള അഭിപ്രായമാണ് പ്രതിനിധികൾ ഉയർത്തിയത്.

വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി കരാറിലേർപ്പെട്ടത് തെറ്റായ നടപടിയായിരുന്നുവെന്നും വീണ വിജയന്റെ പ്രവൃത്തികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. പാർട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയെന്നും പിണറായി വിജയൻ പാർട്ടിക്ക് മുകളിലേക്ക് വളർന്നത് തിരിച്ചടിയായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകണമെന്നും യോഗത്തിൽ വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയും ചില പ്രതിനിധികൾ രംഗത്തെത്തി. ജില്ലാ സെക്രട്ടറിക്ക് കത്തെഴുതി കൈകുഴയുന്നതല്ലാതെ കാര്യങ്ങൾ നടക്കുന്നില്ലെന്നായിരുന്നു വിമർശനം. അതേസമയം, കത്തുനൽകാതെ തന്നെ ജില്ലാ സെക്രട്ടറിയെക്കൊണ്ട് കാര്യങ്ങൾ സാധിച്ചെടുക്കുന്നവരുമുണ്ടെന്ന് ചിലർ പരിഹസിച്ചു.

സിഎംആർഎൽ–എക്സാലോജിക് കേസിൽ പാർട്ടിയെ ലക്ഷ്യമിട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനോടും പ്രതിനിധികൾക്ക് വിയോജിപ്പുണ്ടായി. പിണറായി വിജയനും മകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമർശനം ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആദ്യ ദിവസവും ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചിലരുടെ വിമർശനം. പിണറായി സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും സർക്കാരിനെ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മകൾക്കായി കരിമണൽ കമ്പനിയിൽനിന്ന് പണം വാങ്ങുമ്പോൾ പിണറായി വിജയൻ ഇ.എം.എസിനെ ഓർക്കണമായിരുന്നുവെന്നും വിമർശനമുയർന്നു.

എം.വി. ഗോവിന്ദന്റെ നിലപാടുകളെയും പ്രതിനിധികൾ വിമർശിച്ചു. അദ്ദേഹത്തിന് ഔചിത്യബോധമില്ലെന്നായിരുന്നു ഒരു വിമർശനം. കണ്ണൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾ കാരണമായെന്നും ആലപ്പുഴയിലും കണ്ണൂരിലുമടക്കം നേതാക്കൾ പാർട്ടി വിട്ടുപോകുന്നതിന് നേതൃത്വത്തിന്റെ സമീപനം പങ്കുവഹിച്ചെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നേതാക്കളുടെ ശരീരഭാഷയും ജനങ്ങളോടുള്ള സമീപനവും പാർട്ടിക്ക് തിരിച്ചടിയായെന്നും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള രണ്ട് ടേം വ്യവസ്ഥ എടുത്തുകളഞ്ഞത് ആരെ സംരക്ഷിക്കാനാണെന്നും പ്രതിനിധികൾ നേതൃത്വത്തോട് ചോദിച്ചു. കൊല്ലം ജില്ലയിൽ വനിതകൾക്ക് മത്സരിക്കാൻ അവസരം നൽകാത്തതിനെതിരെയും വിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം ഭയപ്പെടുകയാണെന്ന പരിഹാസവും യോഗത്തിലുണ്ടായി.

കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാർട്ടിയായി മാറിയെന്നും പിരിവിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയായി അധഃപതിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയുടെ സംഘടനാ പ്രവർത്തനവും നേതാക്കളുടെ ജനങ്ങളോടുള്ള സമീപനവും തിരുത്തണമെന്ന ആവശ്യം യോഗത്തിലെ ചർച്ചകളിൽ ശക്തമായി ഉയർന്നു.

You may also like